Flash News

പോലിസില്‍ വയറ്റാട്ടി തസ്തികയെന്ന് കെ മുരളീധരന്‍ നിയമസഭയില്‍

പോലിസില്‍ വയറ്റാട്ടി തസ്തികയെന്ന് കെ മുരളീധരന്‍ നിയമസഭയില്‍
X
തിരുവനന്തപുരം: പോലിസില്‍ വയറ്റാട്ടി തസ്തികയെന്ന് കെ മുരളീധരന്‍ നിയമസഭയില്‍. രാജസ്ഥാന്‍കാരനായ ഐപിഎസുകാരന്‍ ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്കായി പോലിസുകാരെ നിയമിച്ചു. രണ്ടുമാസമായി ഇവര്‍ ശമ്പളം വാങ്ങുന്നതു മുഖ്യമന്ത്രി അറിഞ്ഞോയെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി മുരളീധരന്‍ ചോദിച്ചു. അതേസമയം,പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പോലിസിന്റെ പണിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. അച്ചടക്കം എന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യിക്കേണ്ടെന്നും അതീവ ഗൗരവത്തോടെ കണ്ടു നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മര്‍ദ്ദനത്തിനിരയായ പോലിസുകാരനുനേരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പോലിസ് സ്വീകരിച്ച നടപടിയെന്നും മുരളീധരന്‍ ചോദിച്ചു.



എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നിട്ട് എന്താണ് ചെയ്തത്. ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാര്‍ നായയെ കുളിപ്പിക്കാനും അവയ്ക്കു മീന്‍ വാങ്ങാനും പോകേണ്ട അവസ്ഥയിലാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മുന്‍ കാലത്ത് ഒരു പോലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ടി പി സെന്‍കുമാറിന്റെ നടപടികള്‍ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രി മുരളീധരന്റെ ആക്ഷേപങ്ങള്‍ക്കു മറുപടി പറഞ്ഞത്. ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അതിനുശേഷമേ നടപടിയെടുക്കാനാകൂ. കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it