പോലിസിലെ ദാസ്യപ്പണി: രാജുവിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ക്യാംപ് ഫോളോവേഴ്‌സിനെ ഉപയോഗിച്ച് വീട്ടുജോലി ചെയ്യിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്എപി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ബറ്റാലിയന്‍ ഐജി ജയരാജാണ് അന്വേഷണം നടത്തുക. രാജുവിനെതിരേ ക്യാംപ് ഫോളേവേഴ്‌സിലെ ദിവസക്കൂലിക്കാരായ രണ്ട് പോലിസുകാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. രാജുവിനെതിരേ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പരാതി ലഭിച്ചിരുന്നില്ല. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍സ് പാകാനായി നാലുപേരെ നിയോഗിച്ചെന്നാണു പരാതി. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഡിജിപിക്ക് നല്‍കിയ പരാതിക്കൊപ്പമുണ്ട്. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. അന്ന് ഉച്ചയ്ക്ക് മൂന്നുമണി വരെ ജോലി ചെയ്‌തെന്നും പോലിസിലെ ദാസ്യപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞുവിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണം രാജു നിഷേധിച്ചിരുന്നു. എസ്എപി ക്യാംപിലെ ദിവസവേതനക്കാരെ വീട്ടില്‍ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് പി വി രാജുവിന്റെ നിലപാട്.
Next Story

RELATED STORIES

Share it