പോലിസിലെ അടിമപ്പണി അവസാനിപ്പിക്കും

തിരുവനന്തപുരം: പോലിസിലെ അടിമപ്പണി അവസാനിപ്പിക്കുമെന്നും നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നത ഉദ്യോഗസ്ഥനായാലും കടുത്ത നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ ശബരീനാഥ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌കറെ അദ്ദേഹത്തിന്റെ മകള്‍ ദേഹോപദ്രവം ഏല്‍പിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ എഡിജിപിയുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചുവരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോലിസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഒരു സമ്പ്രദായം കാലാകാലമായി നിലവിലുണ്ട്. ബ്രിട്ടിഷ് പോലിസ് ഭരണത്തില്‍ നിന്നു കൈമാറിവന്ന ജീര്‍ണമായ സംസ്‌കാരമാണിത്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇതു തുടരുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ഗൗരവകരമാണ്. പോലിസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂര്‍ണമായും അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലിസിലെ ആശാസ്യമല്ലാത്ത ഈ പ്രവണത മുന്‍കാലങ്ങളിലും തലപൊക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന യാതൊരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ അനുവദിക്കില്ല. അതേസമയം, പോലിസ് അച്ചടക്കമുള്ള സേനയാണ്. അതിന്റെ അച്ചടക്കം ലംഘിക്കാന്‍ എന്തെങ്കിലും പഴുതാക്കുന്നതും അനുവദിക്കാനാവില്ല. ഈ വിധത്തിലുള്ള സമതുലിതമായ ഒരു സമീപനമാവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുക. ഇക്കാര്യത്തില്‍ സര്‍ക്കാരും പോലിസ് മേധാവിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഏത് ഉന്നത ഉദ്യോഗസ്ഥനായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it