malappuram local

പോലിസിനെ അക്രമിച്ച കേസിലെ പ്രതി ആറുമാസത്തിനുശേഷം അറസ്റ്റില്‍

മഞ്ചേരി: പരാതി അന്വേഷിക്കാനെത്തിയ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിച്ചശേഷം രക്ഷപ്പെട്ട കേസിലെ പ്രതിയെ ആറു മാസത്തിനു ശേഷം അറസ്റ്റു ചെയ്തു.
കാളികാവ് സ്വദേശി തെക്കേടത്ത് റിയാസ്(32)ആണ് ആക്രമണത്തിനിരയായ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ പിടിയിലായത്.
സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. 2017 ഡിസംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി എന്‍എസ്എസ് കോളജ് പരിസരത്ത് രാത്രി സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാത്രി ഒരുമണിയോടെ സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ എത്തിയ പോലിസ് സംഘം പ്രദേശത്ത് മദ്യപിച്ചിരിക്കുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന റിയാസ് ഇതിനിടെ സിഐയെ മര്‍ദിച്ചു പരിക്കേല്‍പിച്ചെന്നാണ് കേസ്. സംഭവ ശേഷം ഓടി രക്ഷപ്പെട്ട് ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ആറു മാസമായി പിടികൂടാനായിരുന്നില്ല. സംഭവ സ്ഥലത്തു നിന്നു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിലൂടെയാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
എസ്‌ഐ കറുത്തേടത്ത് അബ്ദുല്‍ ജലീല്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, മുഹമ്മദ് സലിം എന്നിവരാണ് അന്വേണസംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it