പോലിസിനെതിരേ വ്യാപക പ്രതിഷേധം

എടപ്പാള്‍: ബാലികയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കിട്ടിയിട്ടും പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറാവാതിരുന്നതില്‍ വന്‍ പ്രതിഷേധം. ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പോലിസിന് രേഖാമൂലം വിവരങ്ങള്‍ നല്‍കിയിട്ടും 15 ദിവസത്തോളം ഈ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നില്ല. ഒടുവില്‍ ചിത്രങ്ങള്‍ സഹിതം ചാനല്‍ പുറത്തുവിട്ടപ്പോഴായിരുന്നു പോലിസ് രംഗത്ത് വന്നത്.
അതിനിടെ പരാതി ലഭിച്ചയുടന്‍ വ്യവസായ പ്രമുഖനായ പ്രതിയെ പോലിസ് അന്വേഷിച്ച് കണ്ടെത്തിയെന്നും വന്‍തുക വാങ്ങി കേസ് ഒളിപ്പിക്കുകയുമായിരുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്. പോലിസ് കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണം വ്യാപകമായതോടെ വിവിധ സംഘടനകള്‍ എടപ്പാളിലും ചങ്ങരംകുളത്തും പോലിസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചങ്ങരംകുളം എസ്‌ഐ കെ ജെ ബേബി താന്‍ ഈ വിവരം തിരൂര്‍ ഡിവൈഎസ്പിയെ അറിയിച്ചിരുന്നതാണെന്നും പോക്‌സോ നിയമപ്രകാരം കേസെടുക്കാനുള്ള ചുമതല ഡിവൈഎസ്പിക്കാണെന്നുമാണ് പറയുന്നത്. ഇതിനിടെ, ചോദ്യം ചെയ്യലിനായി പൊന്നാനി പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന പ്രതികളെ വാഹനത്തില്‍ കയറ്റാന്‍ പോലിസ് പെടാപാട് പെട്ടു.
നൂറുകണക്കിനാളുകളാണ് പ്രതികളെ കാണാന്‍ പൊന്നാനി പോലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നത്. ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു രണ്ടു പ്രതികളേയും പൊന്നാനിയില്‍ നിന്നു പോലിസ് വാഹനത്തില്‍ മലപ്പുറം പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോയത്. ബാലികയുടെ മാതാവിനെ മുഖം മൂടി അണിയിച്ചായിരുന്നു വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധക്കാരെ ഏറെ പണിപ്പെട്ട് മാറ്റിയായിരുന്നു പ്രതികളെ വാഹനത്തില്‍ കയറ്റിയിരുന്നത്. പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്‌റ്റേഷനില്‍ നിലയുറപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it