Flash News

പോലിസിനെതിരേ നടപടി വേണമെന്ന് സിപിഐ മുഖപത്രം



തിരുവനന്തപുരം: പുതുവൈപ്പില്‍ ഐഒസി പാചകവാതക സംഭരണിക്കെതിരേ തദ്ദേശവാസികള്‍ നടത്തുന്ന സമരത്തെ അനുകൂലിച്ചും മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചും സിപിഐ മുഖപത്രമായ ജനയുഗം. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പുതിയ വികസന കാഴ്ചപ്പാടിനെതിരേയും പോലിസ് നടപടിയെയും വിമര്‍ശിച്ച് പത്രം മുഖപ്രസംഗമെഴുതിയിരിക്കുന്നത്.പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരേ തദ്ദേശവാസികളുടെ സമരം വികസന സംരംഭങ്ങളെപ്പറ്റിയും വികസന സംസ്‌കാരത്തെപ്പറ്റിയും കേരള സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. ആരു ഭരിച്ചാലും പോലിസ് പഴയപടിയെ പ്രവര്‍ത്തിക്കൂ എന്ന തോന്നല്‍ ജനങ്ങളില്‍ ബലപ്പെടുത്താന്‍ അതിടയാക്കി. സര്‍ക്കാരിന്റെ പോലിസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉേദ്യാഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗം. വികസനമെന്നാല്‍ പത്തുവരിപ്പാതകളും വമ്പന്‍ തുറമുഖങ്ങളും ലോകോത്തര വിമാനത്താവളങ്ങളും വാതകക്കുഴല്‍ ശൃംഖലകളുമുള്‍പ്പെട്ട നിര്‍മിതികളായി കാണുന്ന പാശ്ചാത്യ മുതലാളിത്ത സംസ്‌കാരം ലോകമെങ്ങും ചോദ്യം ചെയ്യപ്പെടുകയാണ്. എന്‍ഡോസള്‍ഫാനും കൊക്കോകോലയും അതാണ് നമുക്ക് കാണിച്ചുതരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയ്യാറാവണമെന്നും ജനയുഗം ഓര്‍മിപ്പിക്കുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക നേട്ടങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ നിരത്തുമ്പോള്‍, മുഖ്യമന്ത്രി വ്യക്തമാക്കിയത് ദേശീയപാത വികസനം, ഗെയില്‍പദ്ധതി എന്നിവയ്ക്ക് എന്തുവിലകൊടുത്തും ഭൂമി ഏറ്റെടുക്കുമെന്നും പ്രതിഷേധം കണക്കിലെടുക്കില്ലെന്നുമാണ്. ഇതിനെതിരേയുള്ള പരോക്ഷ വിമര്‍ശനം കൂടിയാണ് മുഖപ്രസംഗമെന്ന് തീര്‍ച്ച.പുതുവൈപ്പിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അവിടത്തെ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. അതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം. പോലിസ് അതിക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങള്‍ അന്വേഷണത്തിന് വിധേയമാവണം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ക്രിമിനല്‍ അതിക്രമങ്ങള്‍ക്കും ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരുടെമേല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പത്രം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it