thrissur local

പോലിസിനു മനുഷ്യമുഖം പ്രധാനം; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല- മുഖ്യമന്ത്രി

തൃശൂര്‍: പോലിസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്നും ഒറ്റപ്പെട്ട തെറ്റുകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരോ പോലിസ് മേധാവികളോ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ കാര്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
എന്നാല്‍ പലതരം മാനസികാവസ്ഥയുള്ളവര്‍ പോലിസിലുണ്ടാകും. ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്കെതിരെ നടപടി കര്‍ക്കശമാകും. രാജ്യത്തിനുതന്നെ മാതൃകയാണ് കേരള പോലിസിന്റെ പ്രവര്‍ത്തനം. ജനാധിപത്യ ഭരണസംവിധാനത്തിന് കീഴില്‍ ആരംഭിച്ചതല്ല ഇവിടുത്തെ പോലിസ് സംവിധാനം. ബ്രിട്ടീഷ് സാമ്രാജ്യത്വം നാട്ടുകാരെയും നാടിനേയും അടക്കിഭരിക്കാനുള്ള ഉപാധിയായാണ് പോലിസിനെ കണ്ടത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അത് തുടര്‍ന്നു. 1957ലെ ഇഎംഎസ് സര്‍ക്കാരാണ് പ്രഖ്യാപിത പോലിസ് നയത്തിലൂടെ പോലിസിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. തൊഴില്‍ സമരങ്ങളില്‍ പോലിസ് ഇടപെടേണ്ടതില്ല എന്ന തീരുമാനം അതിന്റെ ഭാഗമായുണ്ടായതാണ്. ഇത് വലിയ മാറ്റങ്ങളാണു നാട്ടിലും പോലിസ് സംവിധാനത്തിലും ഉണ്ടാക്കിയത്. പലതരത്തിലുള്ള ഇടപെടലും കാലോചിതമായി ഉണ്ടായി. പുതിയമുഖം പോലിസിനു കൈവന്നുവെങ്കിലും പഴയ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പോലിസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പര്യമില്ല. പഴയ പരമ്പരാഗത പോലിസ് രീതിയോടാണ് അവര്‍ക്ക് താല്‍പര്യം. നാടിനും ലോകത്തിനും പോലിസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇന്ന് പോലിസ് സേനയിലുള്ളവരിലേറെയും. ഇത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നാടിന്റെ മുഖച്ഛായ മാറ്റാന്‍ കെല്‍പ്പുള്ളവരാണവര്‍. കേസന്വേഷണത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തുന്നവരെ അതേ നാണയത്തില്‍ പിടികൂടാന്‍ പോലിസിനു കഴിയുന്നുണ്ട്. സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് പദ്ധതി രാജ്യം ഏറ്റെടുത്തു കഴിഞ്ഞു.
പിങ്ക് പോലിസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പിങ്ക് പോലിസിന് വാഹനങ്ങള്‍ അനുവദിക്കും. കേരളത്തില്‍ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും.  ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നവരുടെ സംരക്ഷണ ചുമതലകൂടി കേരള പോലിസ് ഏറ്റെടുക്കും. ഇതിനു നാടിന്റെ പിന്തുണ ആവശ്യമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിജിപി എന്‍ ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി. തൃശൂര്‍ നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലിസ് രണ്ടുകോടി രൂപ നല്‍കാമെന്നും പത്തുകോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ തൃശൂര്‍ കോര്‍പറേഷനും മറ്റു ജനപ്രതിനിധികളും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നൂറ് ക്യാമറകളാണ് നഗരത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കണ്‍ട്രോള്‍ റൂമിന് അഞ്ച് പുതിയ വണ്ടികളും പിങ്ക് പോലിസിന് രണ്ടു വണ്ടികളും അധികം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ തൃശൂര്‍ കണ്‍ട്രോള്‍ റൂമിനു പത്തും പിങ്ക് പോലിസിനു നാലും വണ്ടികളുണ്ടാകും. വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍, സി എന്‍ ജയദേവന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളായി.  കെട്ടിടം കരാറുകാര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. സിറ്റി പോലിസിനുവേണ്ടി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം സമ്മാനിച്ചു.
Next Story

RELATED STORIES

Share it