പോര്‍ട്ട്ട്രസ്റ്റിന്റെ ക്ലിയറന്‍സ്് സര്‍ട്ടിഫിക്കറ്റില്ലാത്ത റോറോയില്‍ മുഖ്യമന്ത്രിയുടെ യാത്ര

കൊച്ചി: വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ കൊച്ചി കോര്‍പറേഷന്‍ ആരംഭിച്ച റോറോ സര്‍വീസ് നടത്തിയത് പോര്‍ട്ട്ട്രസ്റ്റിന്റെ ലൈസന്‍സ് ഇല്ലാതെയെന്നു വെളിപ്പെടുത്തല്‍. പോ ര്‍ട്ട്ട്രസ്റ്റില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നിട്ടും മുഖ്യമന്ത്രിയെ കയറ്റി യാത്ര നടത്തിയത് ഗുരുതര വീഴ്ചയാണെന്നു പ്രതിപക്ഷം ആരോപിച്ചു.
സര്‍വീസ് നടത്തിയ റോറോയ്ക്ക് (റോണ്‍ ഓണ്‍ റോള്‍ ഓഫ് വെസല്‍) ലൈസന്‍സ് ഇല്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന കേരള ഷിപ്പിങ്് ആന്റ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) അധികൃതര്‍ പറഞ്ഞു. സര്‍വീസ് നടത്തുന്നതിനാവശ്യമായ എല്ലാ രേഖകളും റോറോയ്ക്ക് ഉണ്ടെന്നും നിലവില്‍ സര്‍വീസ് മുടങ്ങിയതിനു പിന്നില്‍ മറ്റു കാരണങ്ങളാണെന്നും കെഎസ്‌ഐഎന്‍സി പ്രതിനിധികള്‍ അറിയിച്ചു.
എന്നാല്‍, സര്‍വീസ് ആരംഭിക്കുന്നതിന് പോര്‍ട്ട്ട്രസ്റ്റിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതില്ലാതെയാണ് സര്‍വീസ് നടത്തിയതെന്ന് കോര്‍പറേഷന്‍ സമ്മതിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് പറഞ്ഞു. റോറോ സര്‍വീസ് നടത്തുന്നതില്‍ നഗരസഭയ്ക്ക് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒന്നൊന്നായി പുറത്തുവന്നിരിക്കുകയാണ്. കോ ര്‍പറേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച റോറോയ്ക്ക് ലൈസന്‍സ് ഇെല്ലന്നും ആവശ്യമായ രേഖകളില്ലാത്ത വെസലിലാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിന്റെ ഭാഗമായി സഞ്ചരിച്ചതെന്നും കോര്‍പറേഷന്‍ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.
എന്നാല്‍, കരാര്‍പ്രകാരം റോറോയുടെ ലൈസന്‍സ് കഴിഞ്ഞ 26ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് സര്‍വീസ് നടത്തണമെങ്കില്‍ ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. എന്നാല്‍, പോര്‍ട്ട്ട്രസ്റ്റില്‍ വ്യാഴാഴ്ചകളില്‍ മാത്രമാണ് സര്‍വേയറുണ്ടാവുക. അതിനാല്‍ ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കിയെടുക്കാന്‍ സാധിച്ചില്ല. ഉദ്ഘാടനത്തിന് സര്‍വീസ് നടത്തേണ്ടിയിരുന്നതിനാല്‍ അടിയന്തരമായി മെയ് 6 വരെ ലൈസന്‍സ് നീട്ടിവാങ്ങുകയായിരുന്നു. ലൈസന്‍സുള്ള വെസലില്‍ തന്നെയാണ് മുഖ്യമന്ത്രി ഉദ്ഘാടനദിവസം സഞ്ചരിച്ചതെന്നും കെഎസ്‌ഐഎന്‍സി പറഞ്ഞു. വെസലുകള്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കിലും പോര്‍ട്ട്ട്രസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചില്ലെന്നത് ഗുരുതര വീഴ്ചയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കാതെ റോറോ സര്‍വീസ് ആരംഭിച്ച നടപടിയും നിലവില്‍ സര്‍വീസ് മുടങ്ങുന്നതിനു കാരണമായി. വെസലുകള്‍ അടുക്കാനുള്ള സാഹചര്യം ബോട്ട്‌ജെട്ടികളില്‍ കോര്‍പറേഷന്‍ ഒരുക്കിയിരുന്നില്ല. ടിക്കറ്റ് കൗണ്ടറുകള്‍ സ്ഥാപിച്ചതല്ലാതെ അതിനുള്ളില്‍ ടൈലുകള്‍ പോലും പാകാതെയാണ് തുറന്നു പ്രവര്‍ത്തിച്ചത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നില്ല. ഇതെല്ലാമാണ് സര്‍വീസ് മുടങ്ങുന്നതിനു കാരണമായത്. പോര്‍ട്ട്ട്രസ്റ്റ് ഇന്ന് ലൈസന്‍സ് പുതുക്കിനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ലൈസന്‍സ് ലഭിച്ചാലും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിച്ച് മെയ് 10 ഓടെ മാത്രമേ റോറോകള്‍ സര്‍വീസ് ആരംഭിക്കുകയുള്ളു.
Next Story

RELATED STORIES

Share it