Flash News

പോപുലര്‍ ഫ്രണ്ട് പ്രചാരണം ഇന്നാരംഭിക്കും

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേയും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടികള്‍ക്കെതിരേയും വ്യാപക പ്രചാരണം സംഘടിപ്പിക്കുമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു. 'ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ: അവര്‍ നമ്മെ തേടിയെത്തും മുമ്പ്' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഏപ്രില്‍ 15 വരെ നടത്തുന്ന പ്രചാരണ പരിപാടികള്‍ ഇന്നാരംഭിക്കും.
ജാര്‍ഖണ്ഡിലെ ബിജപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജനാധിപത്യവിരുദ്ധ നടപടിക്കെതിരേ പ്രചാരണ കാലയളവില്‍ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖാ വിതരണം, ഗൃഹസമ്പര്‍ക്ക പരിപാടി എന്നിവയ്ക്കു പുറമെ സംസ്ഥാനത്തുടനീളം ജനജാഗ്രതാ സദസ്സുകളും പ്രധാന കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങളും സംഘടിപ്പിക്കും. രാജ്യത്തു സംഘടിക്കാനും ആശയാവിഷ്‌കാരം നടത്താനും അതു പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെട്ടതാണ്. അത് എല്ലാ വിഭാഗത്തിനും ലഭ്യമാവുന്ന നിലയില്‍ സംരക്ഷിക്കപ്പെടുക എന്നതു ജനാധിപത്യ ഭരണകൂടങ്ങളുടെ ബാധ്യതയാണ്. എന്നാല്‍ അതിനു വിരുദ്ധമായി തികച്ചും രാഷ്ട്രീയ പ്രേരിതമായാണു ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
കാല്‍നൂറ്റാണ്ടു കാലം ത്രിപുരയില്‍ ഭരണത്തിലിരുന്ന സിപിഎമ്മിനു പോലും ഹിന്ദുത്വശക്തികളുടെ ആക്രമണങ്ങളില്‍ നിന്നു രക്ഷയില്ലെന്നതു ഫാഷിസ്റ്റ് ഏകാധിപത്യ പ്രവണതയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പൗരസമൂഹവും പ്രതിപക്ഷകക്ഷികളും ജാഗ്രത പുലര്‍ത്തണം. ഊഹാപോഹങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടികളില്‍ നിന്നു ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടിയന്തരമായി പിന്‍വാങ്ങുകയും പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധനം പിന്‍വലിക്കുകയും വേണമെന്നും എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it