wayanad local

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍; നടപടി ശക്തമാക്കുന്നു

കല്‍പ്പറ്റ: റോഡ് നികുതിയില്‍ ഇളവ് കിട്ടാനായി പോണ്ടിച്ചേരി അഡ്രസില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് ജില്ലയില്‍ സ്ഥിരമായി സര്‍വീസ് നടത്തുന്ന വാഹന ഉടമകള്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് നടപടി ശക്തമാക്കുന്നു. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തവരും റോഡ് നികുതി ഇനിയും അടച്ചുതീര്‍ക്കാത്തവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും.
ബജറ്റ് നിര്‍ദേശപ്രകാരം ടാക്‌സ് ഒടുക്കി മറ്റ് നിയമനടപടികള്‍ ഒഴിവാക്കാന്‍ ഉടമകള്‍ക്ക് സാവകാശം നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ സംസ്ഥാന നികുതി നല്‍കാതെ സര്‍വീസ് നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നികുതി ഒടുക്കിയവര്‍ക്ക് മറ്റ് എന്‍ഒസി തുടങ്ങിയവ ലഭ്യമാക്കുന്ന ക്രമത്തില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റി നല്‍കും. ഇതു ചെയ്യാതെ സര്‍വീസ് നടത്തുവര്‍ക്കെതിരേയും നോട്ടീസ് കിട്ടി 15 ദിവസത്തിനകം പ്രതികരിക്കാത്തവര്‍ക്കെതിരേയും നടപടികള്‍ സ്വീകരിക്കും. കൂടാതെ ബൈക്കുകള്‍ ഉപയോഗിച്ച് റൈസിങ് നടത്തുക, ശബ്ദമലിനീകരണം, അമിതഭാരം കയറ്റല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, അപകടകരമായ രീതിയില്‍ വാഹനമോടിക്കുക തുടങ്ങിയവയ്ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹന പരിശോധനയില്‍ കഴിഞ്ഞ മാസം അഞ്ചു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപയാണ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴയായി സമാഹരിച്ചത്.
363 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി യൂസുഫിന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രത്യേക പുരസ്‌കാരം നല്‍കി.
Next Story

RELATED STORIES

Share it