പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: വാഹനങ്ങള്‍ നിരത്തിലിറക്കാതെ ഉടമകളുടെ ഒളിച്ചുകളി

കാക്കനാട്: റോഡ് നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനങ്ങള്‍ പുറത്തിറക്കിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീഴും. വാഹന വകുപ്പിന്റെ കടുത്ത നടപടികള്‍ ഭയന്ന് രണ്ട് മാസത്തിലേറെയായി ഇത്തരം വാഹനങ്ങള്‍ ഉടമകള്‍ പുറത്തിറക്കുന്നില്ല. പരിശോധനയും നടപടികളും ശക്തമാക്കിയതോടെ ആഡംബര വാഹനങ്ങള്‍ നിരത്തിലിറക്കാതെ വീടുകളില്‍ സൂക്ഷിച്ചിരിക്കുകയാണ് ഉടമകള്‍.
വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം എറണാകുളം ആര്‍ടി ഓഫിസ് പരിധിയില്‍ മാത്രം 140 ആഡംബര വാഹനങ്ങളാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടില്‍ ഉപയോഗിക്കുന്നത്. രാത്രി സമയം പുറത്തിറക്കിയ അഞ്ച് ആഡംബര വാഹനങ്ങള്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ എം ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി. പുതുവര്‍ഷാഘോഷത്തില്‍ പരിശോധന ഉണ്ടാവില്ലെന്ന വിശ്വാസത്തില്‍ പുറത്തിറക്കിയ ആഡംബര കാറുകളാണ് പിടിയിലായത്. അതേസമയം, വിവാദം കെട്ടടങ്ങുന്നതോടെ പുറത്തിറക്കാമെന്ന കണക്കുകൂട്ടലിലാണ് ഉടമകള്‍. നടപടികള്‍ ശക്തമാക്കിയതോടെ ഏഴ് ആഡംബര വാഹന ഉടമകള്‍ മാത്രമാണ് പോണ്ടിച്ചേരിയില്‍നിന്ന് എറണാകുളത്തേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയിട്ടുള്ളത്. ബഹുഭൂരിപക്ഷം ഉടമകളും ആഡംബര കാറുകളുടെ രജിസ്‌ട്രേഷന്‍ എറണാകുളത്തേക്ക് മാറ്റാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള ആഡംബര വാഹനങ്ങള്‍ പിടികൂടാന്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍(എന്‍ഐസി) നല്‍കിയ പ്രീമിയം കാറുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നികുതി വെട്ടിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി തുടങ്ങിയത്. എന്‍ഐസി 5000 പ്രീമിയം കാറുകളുടെ വിവരങ്ങളാണ് വാഹനവകുപ്പിന് കൈമാറിയത്. ഇതില്‍നിന്ന് എറണാകുളം ആര്‍ടിഒയുടെ പരിധിയിലെ ആഡംബര വാഹന ഉടമകളെ കണ്ടെത്തി നോട്ടീസ് നല്‍കി. വാഹന ഉടമകളുടെ സ്ഥിരം വിലാസം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതത് മേഖലയിലെ വാഹന ഉടമകളുടെ വിവരം കണ്ടെത്തി നോട്ടീസ് നല്‍കാന്‍ വിപുലമായ സൗകര്യങ്ങളും ആര്‍ടി ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടം ലംഘിച്ചു പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു സംസ്ഥാനത്തേക്ക് മാറാന്‍ നിശ്ചിതസമയം അനുവദിച്ചിരുന്നത് അവസാനിച്ച സാഹചര്യത്തിലാണ് വാഹന വകുപ്പ് നടപടി ശക്തമാക്കിയത്.
ശരാശരി ഒരു കോടിക്കു മുകളില്‍ വിലയുള്ളവയാണ് ആഡംബര കാറുകളില്‍ പലതും. വാഹനവകുപ്പ് കര്‍ശനനടപടിയുമായി രംഗത്തിറങ്ങിയതിനൊപ്പം വ്യാജരേഖ ചമച്ചതിന് ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it