Kottayam Local

പൊന്‍കുന്നം-പുനലൂര്‍ ഭാഗത്തെ നവീകരണം ഒരു വര്‍ഷത്തിനുള്ളില്‍: മന്ത്രി

കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തികള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന്‍.
നിയമസഭയില്‍ രാജു ഏബ്രഹാം എംഎല്‍എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ലോക ബാങ്ക് വായ്പാ കരാര്‍ പ്രകാരം 82 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണം പൊതു സ്വകാര്യ പങ്കാളിത്വത്തോടെ 2019 ഏപ്രില്‍ 30നാണ് പദ്ധതി പൂര്‍ത്തീകരിക്കേണ്ടത്. ഇതിനായി ദര്‍ഘാസ് പ്രമാണങ്ങളും മറ്റു രേഖകളും ഉണ്ടാക്കാനായി കെഎസ്ടിപിയെ സഹായിക്കുന്നതിന് ഉപദേശകനെയും നിയമിച്ചിരുന്നു. എന്നാല്‍ ആദ്യം ഈ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തപ്പോള്‍ കരാറുകാരില്‍ നിന്നും മതിയായ പ്രതികരണം ലഭിച്ചില്ല.
തുടര്‍ന്ന് പുനര്‍ദര്‍ഘാസ് ക്ഷണിച്ച് എട്ടു കരാറുകാരുടെ യോഗ്യതാ ലിസ്റ്റ് തയ്യാറാക്കി ഇതിനു ലോക ബാങ്കിന്റെ അംഗീകാരവും വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണത്തിന്റെ അടുത്ത ഘട്ടമായി യോഗ്യതാ ലിസ്റ്റിലെ കരാറുകാരില്‍ നിന്ന് നിരക്കു ക്വാട്ട ചെയ്ത ആര്‍എഫ്പി ഡോക്യുമെന്റ് വാങ്ങുന്നതിനു ലോക ബാങ്ക് അനുമതി നല്‍കിയില്ല.
വായ്പാ കാലാവധിക്കു മുമ്പ് നിര്‍മാണം തീര്‍ക്കാന്‍ സാധിക്കുകയില്ലെന്നതും പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള നിര്‍മാണങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നതുമാണ് ലോക ബാങ്ക് കാരണമായി കാണിക്കുന്നത്. ആയതിനാല്‍ മറ്റു നിര്‍മാണ രീതികള്‍ അവലംബിച്ച് വായ്പാ കാലാവധിയായ 2018 ഏപ്രില്‍ 30ന് മുമ്പ് തീര്‍ക്കാന്‍ കഴിയുമോ എന്നു പരിശോധിക്കണമെന്നും ലോക ബാങ്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് എന്‍ജിനീയറിങ് പ്രോക്യുവര്‍മെന്റ് കണ്‍സ്ട്രക്ഷന്‍സ് (ഇപിസി) അവലംബിച്ച് എന്‍ജിനീയറിങ് ഡിസൈനുകളും ഡിപിആറും പുതുക്കി. ഇതിന് ഉടന്‍ ഒദ്യോഗിക അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപിസി കരാര്‍ പ്രകാരം കെഎസ്ടിപി കൊടുക്കുന്ന വിശദവിവരങ്ങളുടേയും സ്റ്റാന്‍ഡേര്‍ഡുകളുടെയും അടിസ്ഥാനത്തില്‍ ഡിസൈനും ഡിപിആറും കരാറുകാരന്‍ തന്നെ ഉണ്ടാക്കി അംഗീകാരം വാങ്ങി കാലാവധിക്കുള്ളില്‍ പ്രവൃത്തി ചെയ്തു തീര്‍ക്കണമെന്നാണു വ്യവസ്ഥ.
ഇതിനുവേണ്ടി വരുന്ന തുക നിശ്ചിത ഘട്ടങ്ങളിലായി കരാറുകാരനു കൊടുത്തു തീര്‍ക്കും. 82 കിലോ മീറ്റര്‍ നീളമുള്ള റോഡ് മുന്ന്് ഭാഗങ്ങളായി തിരിച്ച് നിര്‍മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. 642 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it