malappuram local

പൊന്നാനി താലൂക്കിലെ ദേശീയപാത വിവരശേഖരണവും സര്‍വേയും പുരോഗമിക്കുന്നു

പൊന്നാനി: പൊന്നാനി താലൂക്കിലെ ദേശീയപാത വിവരശേഖരണവും, സര്‍വ്വേ ജോലികളും പുരോഗമിക്കുന്നു.മെയ് മാസത്തോടെ വിവരശേഖരണം പൂര്‍ത്തീകരിക്കും. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടമാവുന്നവരുടെ പൂര്‍ണ്ണവിവരശേഖരണമാണ് പൊന്നാനി താലൂക്കില്‍ ആരംഭിച്ചിരിക്കുന്നത്.
പൊന്നാനി താലൂക്കിലെ കാലടി, ഈഴുവത്തിരുത്തി വില്ലേജുകളിലാണ് വിവരശേഖരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഡപ്യൂട്ടി കലക്ടറുടെ നിര്‍ദേശപ്രകാരം രണ്ടു ടീമുകളായി തിരിഞ്ഞാണ് കാലടിയിലും, ഈഴുവത്തിരുത്തിയിലും വിവരശേഖരണവും, സമ്പൂര്‍ണ്ണ സര്‍വേയും നടക്കുന്നത്. ഡാറ്റ കളക്ഷനിലൂടെ മാത്രമെ ഓരോ വ്യക്തികള്‍ക്കും നഷ്ടമാവുന്ന ഭൂമിയും, സ്ഥാപര ജംഗമ വസ്തുക്കളും നിര്‍ണയിക്കാന്‍ കഴിയുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ. ഈഴുവത്തിരുത്തി വില്ലേജിലെ വിവരശേഖരണം ഇതിനകം 75% പൂര്‍ത്തിയായി.
കാലടിയില്‍ വിവരശേഖരണത്തിനൊപ്പം തന്നെ സര്‍വ്വേയും നടക്കുന്നുണ്ട്. ദേശീയ പാത സ്ഥലമെടുപ്പിന്റെ ഭാഗമായി ഭൂമി വിട്ടു നല്‍കുന്നവരുടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാനും ഈ സര്‍വ്വേയിലൂടെ സാധ്യമാകും. രണ്ട് ദിവസത്തിനകം ഈഴുവത്തിരുത്തി വില്ലേജിലെ സര്‍വ്വേയും, വിവരശേഖരണവും പൂര്‍ത്തീകരിക്കും.
പൊന്നാനിയില്‍ എന്‍.എച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ശംസു,യൂണിറ്റ് തഹസില്‍ദാര്‍ മുരളി എന്നിവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടക്കുന്നത്.ഈഴുവത്തിരുത്തി വില്ലേജിലെ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൊന്നാനി വില്ലേജിലെ വിവരശേഖരണം ആരംഭിക്കും.
Next Story

RELATED STORIES

Share it