malappuram local

പൊന്നാനിയിലെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വേരുകള്‍ ഖവാലി ഗായകന്‍ അബ്ദുല്‍ റസാഖില്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: മാലകളും മൗലിദുകളും ഖവ്വാലിയും ഒരെ ഞെട്ടില്‍ വിരിഞാല്‍ അതാണ് പൊന്നാനി. മാലകളും മൗലിദുകളും ബൈത്തുകളാലും സമ്പന്നമായ പൊന്നാനിയുടെ സംഗീത പാരമ്പര്യത്തിലേക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അതീന്ദ്രിയ ലഹരി പകര്‍ന്നു നല്‍കിയത് 1920 കളില്‍  വലിയ ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന കവിയും ഗായകനുമായ അബ്ദുള്‍ റസാഖാണെന്ന് കണ്ടെത്തല്‍. ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന പൊന്നാനി ചരിത്ര പൈതൃകത്തിന്റെ സുവര്‍ണ്ണരേഖ  എന്ന പുസ്തകത്തിലാണ് എഴുത്തുകാരനായ കെ എ ഉമ്മര്‍ക്കുട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്.ഹിന്ദുസ്ഥാനി സംഗീതത്തില്‍ പുകള്‍പ്പെറ്റ പൊന്നാനിയില്‍ നിരവധി ഗായകരുണ്ട്. ഇ കെ അബൂബക്കര്‍ മുതല്‍ ഖലീല്‍ഭായ് വരെ. ഇവര്‍ക്കെല്ലാം മുമ്പ് പൊന്നാനിയില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിത്തുകള്‍ പാകിയതാരെന്ന അന്വേഷണമാണ് കവി കൂടിയായ അബ്ദുള്‍ റസാഖ് എന്ന ഗായകനിലെത്തി നില്‍ക്കുന്നത്.പൊന്നാനിയിലെ സംഗീത പാരമ്പര്യത്തിന്റെ തുടക്കക്കാരനായ അബ്ദുള്‍ റസാഖ് ഹാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ല.സംഗീതത്തിന്റെ അതീന്ദ്രിയലഹരിയിലേക്ക് ഊളിയിട്ടുപോയ ഒത്തിരി പൊന്നാനിക്കാരുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആളാണ് മേഘരൂപനെപ്പോലൊരു ഗായകനും കവിയുമായ  പൊന്നാനി സ്വദേശി അബ്ദുള്‍  റസാഖ് ഹാജി.സ്വന്തമായി രചിക്കുന പാട്ടുകളാണ് പാടുക. അതിദാര്‍ശനികതയുടെ അടിയൊഴുക്കുകളാണ് ആ പാട്ടിലൊക്കെയും. ഒരു സുഫിയെ പോലെ ആത്മന്വേഷണത്തിന്റെ പാടിപ്പറച്ചിലുകളായിരുന്നു അതൊക്കെയും.പ്രണയവും വിരഹവും ഇതളിട്ടുവിരിഞ്ഞ ഒരുകുടുന്ന മധുരഗാനങ്ങളൊരുക്കി ഈ ഗായകന്‍ നാടായ നാടൊക്കെ ഇച്ച മസ്താനെപ്പോലെ അലഞ്ഞു. അങ്ങനെ ആ യാത്രകൊയിലാണ്ടിയിലെത്തി. നാട്ടുകാര്‍  പള്ളിക്കടുത്ത് ഖവാലി പാടാന്‍ അവസരം നല്‍കി. പാട്ടുകള്‍ കേട്ട മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ക്ക് ഗായകനെ പെരുത്തിഷ്ടമായി. സഹൃദനായ തങ്ങള്‍ ഭക്ഷണം നല്‍കി.വീടിനടുത്ത് പാര്‍പ്പിച്ചു. അവിടുന്ന് തന്നെ കല്യാണവും  കഴിപ്പിച്ചു.പിന്നെയും ഹാര്‍മോണിയവുമായി യാത്ര തുടര്‍ന്നു. ഓട്ടക്കീശയുമായുള്ള യാത്ര ചെന്നെത്തിയത് ബോംബെയില്‍.ഹജജിന് പോകുന്ന കപ്പല്‍ സംഘത്തില്‍ കൂടി. പാട്ടുകള്‍  പാടി. കപ്പല്‍യാത്രക്കാരോടൊപ്പം ഹജജിന് പോയി. പണമില്ലാത്ത യാത്ര. കൈയ്യില്‍ ആകെയുള്ളത് ഹാര്‍മോണിയവും ഖവാലികളും. തിരിച്ചെത്തിയത്25 രൂപയുമായാണ്. ആരൊക്കെയോ സമ്മാനിച്ചത്.പൊന്നാനിയിലെ കടല്‍പ്പട്ടകള്‍ക്ക് ഈണം നല്‍കിയതും പാട്ടുകള്‍ രൂപപ്പെടുത്തിയതും ഇദ്ധേഹമാണ്.1958 ലാണ്  റസാഖ് ഹാജി മരിച്ചത്. 85 വയസായിരുന്നു പ്രായം. പൊന്നാനിയുടെ ചരിത്രങ്ങളിലൊന്നും ഇങ്ങനെയൊരു ഗായകനെ അടയാളപ്പെടുത്തിയിട്ടില്ലായിരുന്നു.
Next Story

RELATED STORIES

Share it