Pravasi

പൊതു ശുചിത്വം : കരട് നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം



ദോഹ: പൊതു ശുചിത്വം സംബന്ധിച്ച കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം. സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ഖുലൈഫിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ഖയാറീന്‍ അജണ്ട വിശദീകരിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം നേരത്തെ കരട് നിയമത്തിന് അംഗീകാരം നല്‍കുകയും ഉപദേശകകൗണ്‍സിലിന് കൈമാറുകയും ചെയ്തിരുന്നു. കൗണ്‍സില്‍ കരട് നിയമം ചര്‍ച്ച ചെയ്യുകയും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വീസ് ആന്റ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട്് പരിഗണിച്ച ഉപദേശക കൗണ്‍സില്‍ കരട് നിയമം അംഗീകരിക്കുകയും  ശുപാര്‍ശകള്‍ സഹിതം മന്ത്രിസഭയ്ക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. പൊതുശുചിത്വം സംബന്ധിച്ച 1974 ലെ എട്ടാം നിയമത്തിന് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമനിര്‍മാണം നവീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമം. പൊതു സ്ഥലം, കവലക്ക് ചുറ്റും കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലം, നിരത്ത്, ഇടവഴി, ഉദ്യാന വീഥി, നടപ്പാത, സ്ട്രീറ്റുകള്‍, പൊതു ഉദ്യാനം, പൊതു പാര്‍ക്ക്, തീരം, കര, മേല്‍ക്കൂര, മതില്‍, ബാല്‍ക്കണി,  ഇടനാഴി, മുറ്റം, വീടുകളുടെയും കെട്ടിടങ്ങളുടേയും മുന്‍വശം, വാഹനം നിര്‍ത്തുന്ന സ്ഥലം, പൊതു സ്വകാര്യ സ്ഥലങ്ങള്‍  എന്നിവിടങ്ങളില്‍ ചവറിടുകയോ ഉപേക്ഷിക്കുകയോ മാലിന്യം നിക്ഷേപിക്കുകയോ പാടില്ലെന്ന് കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മുനിസിപ്പാലിറ്റി അനുവദിക്കാത്ത സ്ഥലങ്ങളില്‍ മാലിന്യം ഉപേക്ഷിക്കുന്നതും മന്ത്രിസഭ അംഗീകരിച്ച കരട് നിയമം കര്‍ശനമായി വിലക്കിയിട്ടുണ്ട്. മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നതിനോ പരിപാലിക്കുന്നതിനോ അനുവാദമില്ലാത്ത  സ്ഥലങ്ങളില്‍ അവയെ ഉപേക്ഷിക്കാന്‍ പാടില്ലെന്നും കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. മാലിന്യ ശേഖരണം, നീക്കല്‍, നശിപ്പിക്കല്‍, പുനരുപയോഗിക്കല്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള പൊതു ശുചിത്വം നടപ്പാക്കുന്നത് മുനിസിപ്പാലിറ്റികളായിരിക്കും. നിയമത്തിലെ വകുപ്പ് അനുസരിച്ച് ഈ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായോ അല്ലെങ്കില്‍ ഏതെങ്കിലും പ്രവര്‍ത്തനമോ കരാറുകാരനെ ഏല്‍പ്പിക്കാന്‍ മുനിസിപ്പാലിറ്റിക്ക് അനുവാദമുണ്ട്. മാലിന്യം ശേഖരിക്കുന്നവരുടെ ഉത്തരവാദിത്വം കരാറുകാരനായിരിക്കും.  കരട് കുറിപ്പ് കൗണ്‍സിലിന്റെ ലീഗല്‍, ലെജിസ്ലേറ്റീവ് അഫയേഴ്‌സ് കമ്മിറ്റി കൈമാറാനും വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഐകകണ്‌ഠ്യേന ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it