പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ ഉത്തരവ്‌

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച എല്ലാ തരം ബോര്‍ഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ എടുത്തുമാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏതു വലിപ്പത്തിലുള്ളതായാലും സ്വഭാവത്തിലുള്ളതായാലും അനുമതിയില്ലാത്ത ബോര്‍ഡുകള്‍ എല്ലാം എടുത്തുമാറ്റണമെന്നും സാധ്യമെങ്കില്‍ കുറ്റവാളികളില്‍ നിന്ന് പിഴ ഈടാക്കണമെന്നും സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു. ഫഌക്‌സ് ബോര്‍ഡുകള്‍ നിരോധിക്കുകയല്ല, മറിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും 11 പേജുള്ള ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ക്യൂറിയായി അഡ്വ. ഹരീഷ് വാസുദേവനെയും കോടതി നിയമിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം ഇദ്ദേഹം തേടണം.
ആലപ്പുഴ ജില്ലയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക ചര്‍ച്ചിന് മുമ്പില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്ത അധികൃതരുടെ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കാ ന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. പൊതുസ്വത്ത് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ബഹുഭൂരിപക്ഷം ജനങ്ങളും പൗരബോധം പ്രകടിപ്പിക്കുമെന്നാണ് കോടതി കരുതുന്നത്. ഇനി സര്‍ക്കാരാണ് മതിയായ നടപടികള്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയാല്‍ ജനങ്ങള്‍ അത് പാലിക്കും. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മതിയായ നിര്‍ദേശങ്ങള്‍ നല്‍കണം. പ്രളയംമൂലം സംസ്ഥാനത്തുണ്ടായ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും മതിയായ സ്ഥലമില്ല. സ്വന്തം സഹോദരങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും താല്‍പര്യമില്ലാത്ത ഏതാനും വ്യക്തികളാണ് സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ ഇപ്പോള്‍ നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
നിയമപരമായി എവിടെയൊക്കെ ബോര്‍ഡ് സ്ഥാപിക്കാം എന്ന കാര്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനിക്കണം. ബോര്‍ഡുകള്‍ റോഡ് ഗതാഗതത്തിനോ കാല്‍നടയാത്രക്കാര്‍ക്കോ തടസമോ ശല്യമോ ആവരുത്. ബോര്‍ഡുകള്‍ എടുത്തുമാറ്റുന്നതിന്റെ ഉത്തരവാദിത്തം അത് സ്ഥാപിക്കുന്നവര്‍ക്കായിരിക്കണം. അവര്‍ അത് എടുത്തുമാറ്റുന്നു എന്ന് ഉറപ്പാക്കാന്‍ ബോണ്ടോ മറ്റോ വാങ്ങണം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി. നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ നിയമപരമായി എന്തു നടപടി സ്വീകരിക്കാനാവുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിക്കണം. ഉത്തരവ് നടപ്പാവുന്നുണ്ടെന്ന് ചീഫ് സെക്രട്ടരി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ്ഭാരത് മിഷനും സംസ്ഥാനസര്‍ക്കാര്‍ ക്ലീന്‍ കേരള മിഷനും നടത്തുന്ന ഇക്കാലത്ത് ഇത്തരം മാലിന്യം കൂടിക്കിടക്കുന്നത് വലിയ വേദനയുളവാക്കുന്നുവെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it