Alappuzha local

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം : മന്ത്രി



മുഹമ്മ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പരിശ്രമത്തില്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ടി എം തോമസ് ഐസക്. ചാരമംഗലം ഗവ:സംസ്‌കൃത ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടന സദ്ഗമയയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അണ്‍ എയ്ഡഡ് സ്‌കൂളുകളെക്കാള്‍ മികച്ച നിലവാരത്തില്‍ എയ്ഡഡ്-സര്‍ക്കാര്‍ സ്‌കൂളുകളെ കൊണ്ടുവരികയെന്നതാണ് ലക്ഷ്യം.ഹൈ-ടെക് ആക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകും.സര്‍ക്കാരും മാനേജുമെന്റും പി ടി എയും പൂര്‍വ്വ വിദ്യാര്‍ഥികളുമൊക്കെ ഈ യജ്ഞത്തില്‍ പങ്കാളികളാവുകയാണ്. ഇതോടൊപ്പം അക്ഷരവും അക്കവും ഉറപ്പിക്കാന്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അവധിക്കാലത്ത് പ്രത്യേക പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ഇതിനുള്ള മുന്നൊരുക്കം ആരംഭിച്ചു. ഇത്തരത്തിലൊരു പദ്ധതി ഏറ്റെടുക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്താണ് ആര്യാടെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. അഞ്ചാം ക്ലാസിലേയ്ക്ക് പ്രവേശനം തേടുന്ന കുട്ടികള്‍ക്ക് മന്ത്രി പഠനോപകരണങ്ങളും വിതരണം ചെയ്തു. ജെ ജയലാല്‍, ജമീല പുരുഷോത്തമന്‍, മായാമജു, ഡി സതീശന്‍, സി ബി ഷാജികുമാര്‍, കെ ഗോപാലകൃഷ്ണന്‍നായര്‍, ജ്യോതികല, സി പി ഹരിലാല്‍, കെ കെ വിശ്വന്‍, പ്രൊഫസര്‍ പി എ കൃഷ്ണപ്പന്‍ എന്നിവര്‍ സംസാരിച്ചു.  ടി ആര്‍ സുധീര്‍ നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it