malappuram local

പൊതുവിദ്യാലയങ്ങളില്‍ ഇനിമുതല്‍ ടാലന്റ് ലാബ്; ആത്മനിര്‍വൃതിയില്‍ ഗിരീഷ് മാരേങ്ങലത്ത്

കാളികാവ്: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ടാലന്റ് ലാബ് പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു തുടക്കമിട്ട ഒരു അധ്യാപകന്‍ ആത്മനിര്‍വൃതിയില്‍. വിദ്യാര്‍ഥികളുടെ അഭിരുചി കണ്ടെത്തി അത് പരിപോഷിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ഏറെ ഗുണകരമാണിതെന്ന കണ്ടെത്തലിലാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, ഒരു ചെറുചിന്തയില്‍നിന്നിലുടലെടുത്ത ഒരു പരീക്ഷണം ഇന്ന് സംസ്ഥാനമൊട്ടുക്കും അംഗീകരിക്കുന്നതില്‍ അതിരറ്റ സന്തോഷത്തിലാണ് അതിന്റെ ശില്‍പി. കാളികാവ് അരിയണല്‍ സ്വദേശിയും ബസാര്‍ ജിയുപി സ്‌കൂളിലെ അധ്യാപകനുമായ ഗിരീഷ് മാരേങ്ങലത്ത് എന്ന അധ്യാപകന് അഭിമാനിക്കാനേറെയാണ്. 2013-14 വര്‍ഷത്തില്‍ നിലമ്പൂര്‍ മോഡല്‍ ജിയുപി സ്‌കൂളിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
സഹപ്രവര്‍ത്തകരും പിന്തുണ നല്‍കിയപ്പോള്‍ അതൊരു വന്‍ വിജയമായി. തുടര്‍ന്ന് 2015-16 വര്‍ഷത്തില്‍ കാളികാവ് ബസാര്‍ ജിയുപി സ്‌കൂളിലേക്ക് സ്ഥലം മാറി വന്ന ഗിരീഷ് മാഷ് ഈ പദ്ധതി വിപുലപ്പെടുത്താനും ആധുനികവല്‍കരിക്കാനും ശ്രമം നടത്തി. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെ ഉറവ എന്ന പദ്ധതിക്ക് രൂപം നല്‍കുകയും ഓരോ കുട്ടിയും ഒന്നാമനാണെന്ന പേരില്‍ ഒരു വലിയ ആശയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ടാലന്റ് ലാബ് പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിന്റെ ഗുണഫലം വിദ്യാര്‍ഥികളില്‍ കണ്ടുതുടങ്ങിയതോടെ സര്‍വ സഹായവുമായി നാട്ടുകാരും രംഗത്തുവന്നു. 2015-16 വര്‍ഷത്തില്‍ എസ്എസ്എയുടെ മികവുല്‍സവത്തിലും 16-17 വര്‍ഷത്തില്‍ ദേശീയ സെമിനാറിലും പദ്ധതി അവതരിക്കപ്പെട്ടു. ഇതോടെ വിഷയത്തെ ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ മുന്നിട്ടിറങ്ങി. മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടുത്ത ഭീഷണിയായി ഏയ്ഡഡ് ലോബി വളര്‍ന്നപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ബസാര്‍ യുപി സ്‌കൂളില്‍ 300 വിദ്യാര്‍ഥികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികളുമായി സംസ്ഥാന മികച്ച സ്‌കുളമായി ഇതുമാറി.
ഇതിനു പിന്നിലും ഗിരീഷ് മാഷിന്റെ പങ്ക് വലുതാണ്. കവിയും എഴുത്തുകാരനും സാഹിത്യ പ്രവര്‍ത്തകനുമായ ഇദ്ദേഹം ഗിന്നസ് റെക്കോടും യൂനിവേഴ്‌സല്‍ അവാര്‍ഡും നേടിയിട്ടുണ്ട്.  സംസ്ഥാനത്തിനു തന്നെ മാതൃകയായ വിദ്യാഭ്യാസ പരിഷ്‌കരണ പ്രക്രിയക്ക് തുടക്കം കുറിച്ച തങ്ങളുടെ മാഷിന് അര്‍ഹതക്കുള്ള അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും.
Next Story

RELATED STORIES

Share it