kasaragod local

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകയായി ചീമേനി പഞ്ചായത്ത്

കാഞ്ഞങ്ങാട്: എല്ലാവര്‍ക്കും ഒരേ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നേറുമ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളുടെ ചെറുത്ത് നില്‍പ്പിനെതിരെ പുതിയ അധ്യായം രചിച്ച് ചീമേനി പഞ്ചായത്ത്. അക്കങ്ങള്‍ കൂടുമ്പോള്‍ മൂല്യവും വര്‍ധിക്കുമെന്ന മിഥ്യാധാരണയില്‍ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെ അയച്ച് കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന രക്ഷിതാക്കളെ ബോധവല്‍ക്കരിച്ചാണ് പഞ്ചായത്ത് മാതൃകയായത്.  കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്ത് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംഘപരിവാരം നേതൃത്വത്തില്‍ നടത്തുന്ന ഒരു സ്‌കൂളിന്റെ രണ്ട് ബാച്ചുകള്‍ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ പഞ്ചായത്തിന് സാധിച്ചു.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് നല്‍കി വരുന്നതെന്ന ബോധവല്‍ക്കരണം കഴിഞ്ഞ അധ്യായന വര്‍ഷം തന്നെ വീട് വീടാന്തരം കയറി ബോധവല്‍ക്കരിക്കുകയും പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ 354 വിദ്യാര്‍ഥികളാണ് അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പോകുന്നതെന്ന് മനസ്സിലാക്കിയിരുന്നു.  ഇതിന്റെ ഫലമായി അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്ന 132 വിദ്യാര്‍ഥികളെ ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചതായി കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ്് ശകുന്തള പറഞ്ഞു. 2020ഓടുകൂടി ഒരു കുട്ടിപോലും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പോകാതിരിക്കാനുള്ള പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്‌ക്കരിച്ചതെന്നും സ്‌കൂള്‍ പ്രവേശനത്തിന് ശേഷവും ഇതിനുള്ള പ്രവര്‍ത്തനം നടത്തി വരികയാണെന്നും അവര്‍ പറഞ്ഞു.  കേന്ദ്ര സിലബസില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌കൂളിലെ ഏഴാം തരത്തില്‍ നിന്നും എട്ടാംതരത്തിലേക്ക് ജയിച്ച 33 വിദ്യാര്‍ഥികളും എട്ടില്‍ നിന്നും ഒമ്പതിലേക്ക് ജയിച്ച ഒമ്പത് വിദ്യാര്‍ഥികളും പൂര്‍ണമായും സര്‍ക്കാര്‍ സ്‌കൂളിലേക്ക് ചേര്‍ന്നതോടെ ചെറുവത്തൂരിലെ അണ്‍എയ്ഡഡ് വിദ്യാലയം യൂപി വിദ്യാലയമായി മാറി.
ചീമേനി സ്‌കൂളില്‍ 77 കുട്ടികളും പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 55 കുട്ടികളും ജിഎച്ച്എസ്എസ് കൊടക്കാട് 20 കുട്ടികളും പാടിക്കാല്‍ ജിയുപിഎസില്‍ 19 കുട്ടികളും പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it