Flash News

പൊതുജനത്തിന് നാളെ മുതല്‍ മെട്രോയില്‍ കയറാം; ഇന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്



കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ നാളെമുതല്‍ പൊതുജനത്തിന് ഗതാഗതത്തിനായി തുറന്നു കൊടുക്കും. നാളെ രാവിലെ ആറുമുതല്‍ ആരംഭിക്കുന്ന സര്‍വീസ് മുതല്‍ പൊതുജനത്തിന് പ്രവേശനം അനുവദിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍(കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.രാവിലെ ആറു മുതല്‍ രാത്രി 10 വരെയായിരിക്കും ആദ്യഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുക. രാവിലെ ആറു മുതല്‍ ആലുവയില്‍ നിന്നും പാലാരിവട്ടത്തുനിന്നും ഒരു പോലെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ദിവസവും 219 ട്രിപ്പായിരിക്കും ഉണ്ടാവുക. ഒരോ സ്‌റ്റോപ്പിലും 30 സെക്കന്‍ഡായിരിക്കും നിര്‍ത്തുക. റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം ഇന്നലെ നടന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന വേളയില്‍ പുറത്തിറക്കിയെങ്കിലും ഇത് യാത്രക്കാര്‍ക്ക് ഉടന്‍ ഉപയോഗിക്കാന്‍ കഴിയില്ല. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റുകളായിരിക്കും യാത്രയ്ക്ക് ആദ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുക. ജനത്തിരക്ക് നോക്കിയതിനു ശേഷം കാര്‍ഡ് നല്‍കാനാണ്  മെട്രോ അധികൃതരുടെ പദ്ധതി. ഭിന്നശേഷിയുള്ള 450 കുട്ടികള്‍ 150 അധ്യാപകര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് ഇന്ന് രാവിലെ 10.15ന് മെട്രോയില്‍ യാത്ര ഒരുക്കിയിട്ടുണ്ട്. 300 പേര്‍ വീതം രണ്ടു ബാച്ചുകളിലായിട്ടാണ് യാത്ര. ഇവര്‍ക്കൊപ്പം മന്ത്രി കെ കെ ശൈലജയും യാത്രയില്‍ പങ്കുചേരും. വിഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിന്റെ ശ്രമമായാണ് ഈ ചരിത്ര യാത്ര. വിഭിന്ന ശേഷിയുള്ളവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ മെട്രോ റെയിലിന്റെ നിര്‍മിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 43 സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളാണ് ഈ ചരിത്ര യാത്രയില്‍ പങ്കുചേരുന്നത്.
Next Story

RELATED STORIES

Share it