Editorial

പൊതുഗതാഗതത്തിന്റെ താളം തെറ്റുമ്പോള്‍

കേരളത്തില്‍ സ്വകാര്യ ബസ്സുടമകള്‍ ഇടയ്ക്കിടെ സമരപാതയിലേക്ക് വണ്ടിയോടിക്കാറുണ്ട്. ബസ് സര്‍വീസ് നഷ്ടത്തിലാണെന്നാണ് പൊതുവേ അവരുടെ പരാതി. ഡീസലിന്റെയും സ്‌പെയര്‍പാര്‍ട്‌സുകളുടെയും അനുദിനമുള്ള വിലവര്‍ധന, ഭാരിച്ച നികുതി, വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇളവുകള്‍ മൂലമുള്ള വരുമാന ചോര്‍ച്ച, നിരത്തുകളുടെ ശോചനീയാവസ്ഥ തുടങ്ങി നിരവധി കാരണങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്.
ഇന്ധനവിലയുടെ ഇപ്പോഴത്തെ അവസ്ഥ വച്ചുനോക്കുമ്പോള്‍ അവരുടെ ഭാഗത്ത് ന്യായവുമുണ്ട്. മൊത്തത്തില്‍ പ്രവര്‍ത്തനച്ചെലവിനുള്ള പണം കണ്ടെത്താനാവാതെ ഓട്ടം നിര്‍ത്തിവയ്ക്കുകയേ വഴിയുള്ളൂ എന്ന നിലപാടില്‍ എത്തിയിരിക്കുകയാണ് സ്വകാര്യ ബസ്സുടമകള്‍. താങ്ങാനാവാത്ത ഡീസല്‍വിലയുടെ പേരില്‍ കെഎസ്ആര്‍ടിസിയും പല റൂട്ടുകളും വെട്ടിക്കുറച്ചിരിക്കുന്നു. ബസ് ഗതാഗതം സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന് ചുരുക്കം.
രണ്ടു പതിറ്റാണ്ടു മുമ്പ് 30,000ല്‍പരം സ്വകാര്യ ബസ്സുകള്‍ കേരളത്തില്‍ സര്‍വീസ് നടത്തിയിരുന്നുവത്രേ. ഇപ്പോള്‍ അത് 15,000ല്‍ താഴെയാണ്. കെഎസ്ആര്‍ടിസി സര്‍വീസുകളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. അതായത്, സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം നേര്‍പകുതിയായിരിക്കുകയാണ്. ഇത് ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതോപാധിയുടെ മാത്രം പ്രശ്‌നമല്ല. ജനങ്ങളുടെ യാത്രാസൗകര്യം ഗണ്യമായ തോതില്‍ കുറഞ്ഞുവെന്നാണ് അതിന്റെ അര്‍ഥം.
ബസ്സുകള്‍ ഇല്ലാതായതിന്റെ ഒഴിവ് നികത്തുന്നത് സ്വകാര്യ വാഹനങ്ങളാണ്. പൊതുനിരത്തുകളില്‍ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും തിങ്ങിനിറഞ്ഞതിന്റെ മുഖ്യകാരണം പൊതുഗതാഗതത്തിന്റെ താളം തെറ്റിയതുതന്നെ. കേരളത്തില്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില്‍പന ഇന്നു വളരെ കൂടുതലാണ്. വാഹന വര്‍ധന ഉണ്ടാക്കുന്ന ഗതാഗതത്തിരക്കും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വാഹനാപകടങ്ങളും മറ്റും ചേര്‍ന്ന്, അസഹനീയമായ സാമൂഹിക പ്രതിസന്ധി തന്നെ ഈയിടെയായി ഉളവായിട്ടുണ്ട്.
വാഹനപ്രവാഹം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും വളരെ കനത്തതാണ് ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍. പൊതുഗതാഗതം ദുര്‍ബലമാകുമ്പോള്‍ അതു ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും ജീവിതപ്രയാസങ്ങള്‍ക്കും വഴിവയ്ക്കുമെന്നു വ്യക്തം. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഇനി അവതരിക്കാന്‍ പോകുന്ന പ്രധാന വില്ലന്‍ വാഹനമായിരിക്കും. ബസ്സുകളുടെ ഓട്ടം കുറയുന്നത് അതിന്റെ സൂചനയാണ്.
പൊതുഗതാഗത സംവിധാനം തളരുകയും ആളുകള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറുകയും ചെയ്യുന്നത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് കടുത്ത പ്രയാസം ഉണ്ടാക്കുക. ബസ്സുകളില്‍ കൂടുതലും യാത്ര ചെയ്യുന്നത് സാധാരണക്കാരാണ്. അതായത്, പരിമിത വരുമാനക്കാരും ദുര്‍ബലരുമായ ആളുകളുടെ ആശ്രയമാണ് ബസ്സുകള്‍. നമ്മുടെ ബസ് യാത്രക്കാരില്‍ വലിയൊരു വിഭാഗം അന്യദേശ തൊഴിലാളികളാണല്ലോ. പൊതുഗതാഗത സംവിധാനം തകരാറിലാവുന്നതോടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ഉണ്ടാവുന്ന പ്രയാസങ്ങള്‍ അതിനാല്‍ ഗൗരവപൂര്‍വം കണക്കിലെടുത്തേ മതിയാവൂ.

Next Story

RELATED STORIES

Share it