പൊതുഗതാഗതം ചക്രശ്വാസം വലിക്കുമ്പോള്‍

ഗ്രീന്‍ നോട്‌സ്  - ജീയേജി അജയമോഹന്‍

പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള തിരക്കില്‍ മലയാളികളുടെ ശ്രദ്ധപതിയേണ്ട ഒരു വിഷയം അധികം ചര്‍ച്ചയാവാതെ കടന്നുപോവുകയാണ്. സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തുന്നു. എറണാകുളം ജില്ലയില്‍ മാത്രം 150ലേറെ ബസ്സുകള്‍ മൂന്നുമാസത്തിനിടെ സര്‍വീസ് നിര്‍ത്തിയത്രേ. രണ്ടുവര്‍ഷമായി ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ എണ്ണം കുത്തനെ കുറയുകയാണത്രേ.
മെട്രോ വന്നതോടെ ആളുകളെല്ലാം ബസ് ഉപേക്ഷിച്ചതാണെന്നു കരുതാനാവില്ല. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 200ഓളം ബസ്സുകള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള അപേക്ഷ ആര്‍ടിഒ അടക്കമുള്ളവര്‍ക്കു നല്‍കിയതായും റിപോര്‍ട്ടുണ്ട്. ഇതൊക്കെ ഔദ്യോഗികമായ കണക്കുകളാണെങ്കില്‍ പലയിടത്തും യാതൊരു അറിയിപ്പുമില്ലാതെ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നതായ പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സര്‍വീസ് തുടര്‍ന്നാല്‍ കൈയില്‍ നിന്നു പണമെടുത്ത് ബാധ്യതകള്‍ തീര്‍ക്കേണ്ടിവരുമെന്നതാണ് ഇത്തരത്തില്‍ ഓട്ടം നിര്‍ത്തിവയ്ക്കാന്‍ ബസ്സുടമകളെ പ്രേരിപ്പിക്കുന്നതത്രേ. കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണു സംഭവിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂനില്‍മേല്‍ കുരുപോലെയാണ് പ്രളയാനന്തരം കേരളത്തിലെ റോഡുകളെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. റോഡിലെ കുണ്ടും കുഴിയും മൂടിക്കിട്ടണമെങ്കില്‍ ഇനി തുലാവര്‍ഷം കഴിയേണ്ടിവരും.
മറ്റു ബിസിനസുകള്‍ പോലെയല്ല കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും ബസ് സര്‍വീസ്. കയറാന്‍ ആളില്ലാത്തതല്ല, കുത്തിനിറച്ച്് ആളെ കയറ്റിയിട്ടും കാര്യമായ മിച്ചംകിട്ടാത്തതാണു പ്രശ്‌നം. അനുദിനം ഉയരുന്ന ഡീസല്‍ വില എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകകൂടി ചെയ്യുന്നു. കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങളും ഇതൊക്കെത്തന്നെ. സര്‍ക്കാര്‍ ഇടയ്ക്കിടെ ധനസഹായമിറക്കിയാണ് ആനവണ്ടിയെ ഒരുവിധം പിടിച്ചുനിര്‍ത്തുന്നതു തന്നെ. എന്നാല്‍, സ്വകാര്യ ബസ്സുകള്‍ക്ക് അത്തരം സഹായങ്ങളൊന്നും സര്‍ക്കാര്‍ നല്‍കുന്നില്ല. നികുതി കുറച്ചോ ഡീസലിന് സബ്‌സിഡി നല്‍കിയോ വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റുകളുടെ ബാധ്യത ഏറ്റെടുത്തോ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
സ്വകാര്യ ബസ്സുകള്‍ക്ക് സഹായമോ? അതെങ്ങനെയാണു ശരിയാവുക എന്നു ചോദിക്കുന്നവരുണ്ട്. ബിസിനസ് ആയി നടത്തുന്ന ബസ് സര്‍വീസുകളെ ജനങ്ങളുടെ നികുതിപ്പണം കൊടുത്തു സഹായിക്കേണ്ട കാര്യമുണ്ടോ എന്നാവും ചോദ്യം. കാര്യമുണ്ട് എന്നുതന്നെ കരുതണം. പൊതുഗതാഗതത്തെ കാര്യമായിത്തന്നെ കാണണം. ഇന്ധനവില ഉയരുമ്പോള്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടിവരുന്ന ഓരോ ബസ്സിനും പകരം നിരത്തിലിറങ്ങേണ്ടിവരുന്നത് 10ഉം 20ഉം വാഹനങ്ങളാണ്. ജനങ്ങള്‍ക്കു ജീവിക്കണം, തൊഴിലെടുക്കണം, വിദ്യാഭ്യാസം നടത്തണം, ചികില്‍സിക്കണം, സാമൂഹികജീവിതത്തില്‍ പങ്കാളിയാവണം... ബസ്സില്ലെങ്കിലും ഏതെങ്കിലും ശകടം സംഘടിപ്പിച്ച് ആളുകള്‍ നിരത്തിലിറങ്ങും. അത് ഇന്ധനം ആവശ്യമില്ലാത്ത സൈക്കിളാവില്ല. ബൈക്കുകളും കാറുകളും തന്നെയാവും ഏറിയ പങ്കും. ഡീസലടിച്ചാല്‍ നഷ്ടമാവുമെന്നു കരുതി ഏതെങ്കിലും ബസ് സര്‍വീസ് മുടങ്ങിയാല്‍പ്പോലും ജനം ചിന്തിച്ചുതുടങ്ങും- സമയത്തു കാര്യം നടക്കണമെങ്കില്‍ കാശ് ഇത്തിരി ചെലവാക്കി പെട്രോളടിച്ചാലും വേണ്ടില്ല, സ്വന്തം വാഹനം തന്നെ വേണമെന്ന്.
ഓരോ ബസ് യാത്രക്കാരനും ഇങ്ങനെ തന്നാലാവുംവിധം ചെറുതോ വലുതോ ആയ സ്വന്തം വാഹനം സംഘടിപ്പിച്ച് നിരത്തിലിറങ്ങേണ്ടിവന്നാല്‍ നിരത്തുകള്‍ വാഹനപ്പെരുപ്പംകൊണ്ട് വീര്‍പ്പുമുട്ടും. ഗതാഗതക്കുരുക്ക് ഏറുംതോറും വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയുടെ തോതും വര്‍ധിക്കും. പുക നമ്മുടെ തന്നെ ശ്വാസകോശത്തിലേക്കാണു പോവുന്നതും.
വാഹനങ്ങള്‍ ഏറുംതോറും റോഡിന് വീതി പോരാ പോരാ എന്നു തോന്നിത്തുടങ്ങും. റോഡിന് വീതികൂട്ടണമെങ്കില്‍ പിന്നെയും പശ്ചിമഘട്ടം താഴെയെത്തിക്കണം- കല്ലായും മണ്ണായുമൊക്കെ. മഹാപ്രളയവും ഉരുള്‍പൊട്ടലുമൊക്കെ പഠിപ്പിച്ച പാഠങ്ങള്‍ മറക്കരുത്.
ഇതെല്ലാം കണ്ടാണ് പല രാജ്യങ്ങളും പൊതുഗതാഗതത്തിന് ശക്തമായ പിന്തുണ നല്‍കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും. യാത്ര സൗജന്യമാക്കി വരെ ബസ് യാത്ര പ്രോല്‍സാഹിപ്പിച്ച രാജ്യങ്ങളുണ്ടെന്നോര്‍ക്കണം. ഇന്ത്യയിലെ പൊതുഗതാഗതമേഖലയെ സംബന്ധിക്കുന്ന മറ്റൊരു കണക്കുകൂടി ഈയടുത്ത് പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയും മറ്റു സാഹചര്യങ്ങളുമൊക്കെ വച്ച് പരിശോധിക്കുമ്പോള്‍ ആവശ്യമുള്ളത് 30 ലക്ഷം ബസ്സുകളാണെന്നും എന്നാല്‍, നിലവില്‍ നിരത്തിലുള്ളത് മൂന്നുലക്ഷത്തില്‍ താഴെ ബസ്സുകള്‍ മാത്രമാണെന്നുമുള്ള കണക്കാണത്്.
രാജ്യത്താകെ 19 ലക്ഷം ബസ്സുകളാണുള്ളത്. ഇതില്‍ സംസ്ഥാന ഗതാഗതവകുപ്പുകള്‍ക്കു കീഴിലുള്ളതും യാത്രക്കാരെ കയറ്റാന്‍ പെര്‍മിറ്റുള്ളതുമായ 2.8 ലക്ഷം ബസ്സുകളാണുള്ളതെന്നു വെളിപ്പെടുത്തിയിരിക്കുന്നത്് കേന്ദ്ര ഗതാഗത സെക്രട്ടറി വൈ എസ് മാലിക് ആണ്. ചൈനയില്‍ 1000 പേര്‍ക്ക് ആറ് ബസ്സുകള്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ 10,000 പേര്‍ക്ക് നാല് ബസ്സുകള്‍ മാത്രമാണുള്ളതെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും പറയുന്നു. 90 ശതമാനം ആളുകള്‍ക്കും സ്വന്തം വാഹനമില്ലാത്ത രാജ്യത്ത് ആവശ്യത്തിന് ബസ് ഇല്ലാതെ വലയുകയാണു ജനം. അതിനിടയിലാണ് ഇന്ധനവില താങ്ങാനാവാതെ ബസ്സുകള്‍ ചക്രശ്വാസം വലിക്കുന്നത്. ി
Next Story

RELATED STORIES

Share it