Alappuzha local

പൊടിശല്യം രൂക്ഷം; റോഡ് നന്നാക്കുന്നില്ല- പരാതിയുമായി വ്യാപാരികള്‍

എടത്വ: നിര്‍മാണത്തിലിരിക്കുന്ന അമ്പലപ്പുഴ-തിരുവല്ല റോഡില്‍ പൊടിശല്യം രൂക്ഷം. റോഡ് നന്നാക്കുന്നില്ല. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചീനീയര്‍ക്ക് മുന്നില്‍ പരാതിയുമായി വ്യാപാരികള്‍. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റിന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചീനീയര്‍ക്ക് മുന്നില്‍ പരാതിയുമായി നേരിട്ട് വ്യാപാരികള്‍ എത്തിയത്. റോഡ് പണി നടക്കുന്നതിനാല്‍ എടത്വ വെട്ടുതോടുപാലം മുതല്‍ സെന്റ് അലോഷ്യസ് കോളേജ് ജംഗ്ഷന്‍ വരെയുള്ള പ്രദേശത്തെ കടകളില്‍ പൊടിശല്യം മൂലം കച്ചവടം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. വ്യാപാര സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്കും പൊടി വളരെ ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുകയാണ്. പൊടിശല്യം കാരണം റോഡിന് സമീപത്തുള്ള കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയിലാണെന്നും വ്യാപാരികള്‍ പറയുന്നു.   വാഹനങ്ങള്‍ റോഡിലൂടെ ഓടികഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് മൂക്ക് പൊത്തി മാത്രമേ സഞ്ചരിക്കാന്‍ സാധിക്കു. മുന്നേ വണ്ടി പോയാല്‍ പുറകെ പോകുന്ന വാഹനത്തിന് റോഡ് കാണാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. പൊടിശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഈ റോഡിന്റെ സൈഡില്‍ താമസിക്കുന്നവരുടെ ജനജീവിതമാണ് ഏറെ ദുരിതം. പിഞ്ചുകുട്ടികള്‍ അടക്കം നിരവധി പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു.    അധികാരികളെ സമീപിക്കുമ്പോള്‍ വെള്ളം അടിക്കുന്നുവെന്നാണ് മറുപടി പറയുന്നത്. ഒന്നോ രണ്ടോ പ്രാവശ്യം വണ്ടിക്ക് നൂലുപോലെ വെള്ളം അടിച്ചാല്‍ പൊടി ശമിക്കത്തിെല്ലന്നും അടിയന്തിര ശ്രദ്ധ പതിപ്പിച്ച് കൂടുതല്‍ പ്രാവശ്യം ടൗണില്‍ റോഡില്‍ വെള്ളം അടിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും എക്‌സിക്യൂട്ടീവ് എന്‍ഞ്ചീനീയറോട് വ്യാപാരികള്‍ ആവശ്യപെട്ടു. യൂനിറ്റ് പ്രസിഡന്റ് കോശി കുര്യന്‍ മാലിയില്‍, കുട്ടനാട് താലൂക്ക് പ്രസിഡന്റ് ജോണ്‍സണ്‍ എം പോള്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി എ ജോസ്, എം.സി ജോസ്, എഡി സെബാസ്റ്റ്യന്‍, എംഡി സേവ്യര്‍, ജയിംസ് വര്‍ക്കി, സെബാസ്റ്റ്യന്‍ കെ സേവ്യര്‍, സുരേഷ് ജോണ്‍, തോമസ് പി ജോര്‍ജ്ജ്, ബിജു കെ തോമസ്, പി ജെ ഫ്രാന്‍സിസ്, തോമസ് തോമസ്, ജിക്കു നിവേദക സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it