thrissur local

പൈപ്പ് പൊട്ടി ജലം പാഴാവുന്നതിന് പരിഹാരവുമായി വിദ്യാര്‍ഥികള്‍

മാള: പൊതു ജലവിതരണ പൈപ്പുകളില്‍ നിന്നും ഉപയോഗിക്കുന്ന ജലത്തേക്കാള്‍ ജലം പൈപ്പ് പൊട്ടി പാഴാവുകയാണ് പതിവ്. അതിന് നൂതനാശയത്തിലൂടെ പരിഹാരം കാണുകയാണ് മാള ഹോളിഗ്രേസ് എന്‍ജിനീയറിംഗ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍.
അവസാന വര്‍ഷ ബി ടെക്ക് ഇലക്ട്രോണിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനികളായ ലവ്യ ഡേവീസ്, മരിയ തോമസ്, നേഹ പൗലോസ് എന്നിവരാണ് നൂതനാശയവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഓട്ടോമേറ്റഡ് വാട്ടര്‍ സപ്ലൈ സിസ്റ്റം എന്ന നൂതനാശയത്തിനാണിവര്‍ രൂപം നല്‍കിയിരിക്കുന്നത്.
ജലത്തിന്റെ ദുരുപയോഗം തടയുകയും ജലവിതരണ പൈപ്പുകളില്‍ ലീക്കേജുണ്ടാകുമ്പോള്‍ തല്‍സമയം അത് കണ്ടെത്തി ഉടനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് സന്ദേശങ്ങള്‍ മുഖേന വിവരമെത്തിക്കുന്നതാണ് സംവിധാനം. ജി എസ് എം ടെക്‌നോളജി ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കുടിവെള്ള വിതരണം നടക്കുന്ന മെയിന്‍ പൈപ്പുകളിലും ബ്രാഞ്ച് പൈപ്പുകളിലും ഫ്‌ലോ സെന്‍സറുകള്‍ പിടിപ്പിക്കും. ഫ്‌ലോ സെന്‍സറുകള്‍ പിടിപ്പിച്ചിരിക്കുന്നവക്കിടയില്‍ എവിടെയെങ്കിലും ലീക്കേജുണ്ടായാല്‍ തല്‍സമയം ആ വിവരം മെസേജിലൂടെ ബന്ധപ്പെട്ട അധികൃതരിലെത്തും.
സോളിനോയ്ഡ് വാല്‍വ് സംവിധാനത്തിലൂടെ പൊട്ടിയ പൈപ്പിലൂടെയുള്ള ജലമൊഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യും.  പൊതുടാപ്പിന് താഴെ വെള്ളമെടുക്കുന്നതിനായുള്ള പാത്രം ഉണ്ടെങ്കില്‍ മാത്രമേ ഈ സംവിധാനം പിടിപ്പിച്ചിട്ടുള്ളവയില്‍ നിന്നും വെള്ളം വീഴുകയുള്ളു.
വെള്ളമെടുക്കുന്നതിനുള്ള പാത്രം വെക്കുമ്പോള്‍ ഐ ആര്‍ സെന്‍സറിലൂടെയും അള്‍ട്രാ സൗണ്ട് സെന്‍സറിലൂടെയും നിയന്ത്രിതമായ ടാപ്പില്‍ നിന്നും വെള്ളം വരികയും പാത്രം നിറയുമ്പോള്‍ തനിയെ ടാപ്പ് അടയുകയും ചെയ്യും.  കേരള വാട്ടര്‍ അതോറിറ്റിയുമായി സംയോജിപ്പിച്ച് സംവിധാനം ഒരുക്കാമെന്നാണിവര്‍ കണക്കു കൂട്ടുന്നത്. പ്രൊഫ. സോള്‍വിന്‍ ജോണ്‍സന്റെയും പ്രൊഫ. എസ് ശ്രീജിത്തിന്റേയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ ഈ നൂതനാശയത്തിന് രൂപം നല്‍കിയത്.
Next Story

RELATED STORIES

Share it