malappuram local

പൈതൃക ടൂറിസം- പന്തിരുകുലം പദ്ധതി പൊന്നാനിയില്‍ നിന്ന് ആരംഭിക്കും

പൊന്നാനി: തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായി പൊന്നാനി വലിയ പള്ളിയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചതിന് പുറമെ പൈതൃക ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍കൊള്ളിച്ച പന്തിരുകുലം പദ്ധതിയും, യാഥാര്‍ഥ്യത്തിലേക്കടുക്കുന്നതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടാനൊരുങ്ങി പൊന്നാനി.
കേവലം വിനോദ സഞ്ചാര ടൂറിസത്തിലുപരി ചരിത്ര ശേഷിപ്പുകളുടെ പ്രധാന ഇടമെന്ന നിലയിലാണ് പൊന്നാനിയുടെ പൈതൃക ടൂറിസത്തിന്റെ സാധ്യതകള്‍ ഏറുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ പൊന്നാനിയെ തീര്‍ത്ഥാടന ടൂറിസത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനത്തെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ടൂറിസം പട്ടികയില്‍ പൊന്നാനിയേയും ഉള്‍പ്പെടുത്തിയത്.ഇതോടെ വൈദേശിക പോരാട്ടത്തിന് ആഹ്വാനം ചെയ്ത കൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പ്രവര്‍ത്തന മണ്ഡലമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയെ കൂടുതല്‍ പരിചയപ്പെടുത്താന്‍ കഴിയും. പൗരാണിക നഗരമായ പൊന്നാനിയെ തീര്‍ത്ഥാടന ടൂറിസത്തിനൊപ്പം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതികള്‍ക്കും രൂപം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്റെ വികസനത്തിന്റെ ഭാഗമായാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ പൊന്നാനി മുതല്‍ പാലക്കാട് ജില്ലയിലെ മണ്ണൂര്‍ വരെ നീളുന്ന പന്തിരുകുലം ടൂറിസം പദ്ധതി പൈതൃക ടൂറിസത്തിന്റെ വിവിധ തലങ്ങളെ കോര്‍ത്തിണക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. പാലക്കാട് ജില്ലയിലെ അഗ്രഹാരങ്ങള്‍, നദീതീരത്തെ ശേഷിപ്പുകള്‍, തുടങ്ങി നൂറില്‍പ്പരം കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

Next Story

RELATED STORIES

Share it