Dont Miss

പേടിഎമ്മിന് സംഘപരിവാരവുമായി അടുത്ത ബന്ധം; വ്യക്തിഗത വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നു

പേടിഎമ്മിന് സംഘപരിവാരവുമായി അടുത്ത ബന്ധം; വ്യക്തിഗത വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നു
X

ന്യൂഡല്‍ഹി: പേടിഎം ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറുന്നതായി കമ്പനി മേധാവികള്‍ തന്നെ സമ്മതിക്കുന്ന വീഡിയോ പുറത്ത്. ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി അടുത്ത  ബന്ധമുണ്ടെന്നും ആര്‍എസ്എസിന് വേണ്ടി പേടിഎം നിരവധി ജോലികള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും കമ്പനി ഉടമകള്‍ സമ്മതിച്ചു. കോബ്രപോസ്റ്റ് നടത്തിയ ഓപ്പറേഷന്‍ 136 എന്ന ഒളികാമറാ ഓപറേഷനിലാണ് ദശലക്ഷക്കണക്കിന് പേടിഎം ഉപയോക്താക്കളെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

മീഡിയ കമ്പനികളെപ്പോലെ പേടിഎം മൊബൈല്‍ ആപ്പില്‍ ഹിന്ദുത്വര്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനം നടത്താമോ എന്ന് അന്വേഷിച്ചാണ് കോബ്രോപ്സ്റ്റ് റിപോര്‍ട്ടര്‍ പേടിഎം വൈസ് പ്രസിഡന്റ് സുധാന്‍ശു ഗുപ്ത, സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് ശേഖര്‍ ശര്‍മ എന്നിവരെ സമീപിച്ചത്. അതിന് പൂര്‍ണമായും സമ്മതിച്ചുവെന്ന് മാത്രമല്ല, ഇക്കാര്യം തങ്ങള്‍ ആര്‍എസ്എസ് മേധാവികളുമായി ആദ്യം അന്വേഷിക്കട്ടെയെന്നും അവരുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും വെളിപ്പെടുത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യം വരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്ന കാര്യവും ഇരുവരും വ്യക്തമാക്കി.

മോദി സര്‍ക്കാരുമായും ആര്‍എസ്എസുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന് ഇരുവരും വളരെ ആവേശപൂര്‍വമാണ് മുന്നോട്ട് വന്നതെന്ന് കോബ്രപോസ്റ്റ് റിപോര്‍ട്ടര്‍ പുഷ്പ് ശര്‍മ പറഞ്ഞു. അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് കശ്മീരില്‍ നടന്ന സംഭവമാണ്. കശ്മീരില്‍ കല്ലേറ് നടന്നതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസി്ല്‍ നിന്ന് തനിക്ക് നേരിട്ട് കോള്‍ വന്നതായി അജയ് ശേഖര്‍ പറഞ്ഞു. കല്ലേറുകാരില്‍ ചിലര്‍ പേടിഎം ഉപയോക്താക്കളായിരിക്കാമെന്നും അതുകൊണ്ട് കശ്മീരില്‍ പേടിഎം ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറാനുമായിരുന്നു ആവശ്യപ്പെട്ടത്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറുകയോ വില്‍പ്പന നടത്തുകയോ ചെയ്യില്ലെന്ന പേടിഎമ്മിന്റെ പ്രൈവസി പോളിസിക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് കോബ്രപോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

പേടിഎമ്മിന്റെ ഉദ്ഭവവും വളര്‍ച്ചയും പരിശോധിക്കുമ്പോള്‍ സംഘപരിവാരവുമായും കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളുമായും കമ്പനിക്കുള്ള ബന്ധം വ്യക്തമാവും. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ പേടിഎം പോലുള്ള കമ്പനികള്‍ക്കു വേണ്ടിയായിരുന്നോ എന്നു പോലും സംശയിക്കാവുന്നതാണ്.

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനകമാണ് പേടിഎം ഇന്ത്യന്‍ റെയില്‍വേയുമായി കരാറുണ്ടാക്കിയത്. 2015 ഏപ്രിലിലെ കരാര്‍ പ്രകാരം റെയില്‍വേ ടിക്കറ്റിന് പണം നല്‍കുന്നതിന് പേടിഎം ഉപയോഗിക്കാവുന്നതാണ്. അതേ വര്‍ഷം ഡിസംബറില്‍ തങ്ങളുടെ കാറ്ററിങ് സേവനങ്ങള്‍ പേടിഎം ആപ്പ് വഴി ലഭ്യമാണെന്ന് ഐആര്‍ടിസി പ്രഖ്യാപിച്ചു.

ഇതേ വര്‍ഷമാണ് പേടിഎം കമ്പനി വലിയ തോതില്‍ വളര്‍ച്ച നേടിയത്. ഇതേ തുടര്‍ന്ന് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ പേടിഎമ്മില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. ആലിബാബ മേധാവി ജാക്ക് മാ അതേ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നാല് മാസത്തിനുള്ളിലാണ് ബിജെപി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായി മുന്നോട്ടു വന്നത്. ഒരു വര്‍ഷത്തിന് ശേഷം അതിന്റെ മൂര്‍ധന്യത്തിലായിരുന്നു നവംബറില്‍ നോട്ട് നിരോധന പ്രഖ്യാപനം വന്നത്.

നോട്ട് നിരോധന പ്രഖ്യാപനത്തിന് രണ്ട് മാസം മുമ്പ് പേടിഎം വ്യാപകമായ പ്രചരണം ആരംഭിച്ചിരുന്നു. പത്രങ്ങളിലും ചാനലുകളിലുമെല്ലാം പേടിഎം പരസ്യങ്ങള്‍ നിറഞ്ഞുനിന്നു. ഒരു പരസ്യത്തില്‍ സാക്ഷാല്‍ മോദി തന്നെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രത്യക്ഷപ്പെട്ടു. നോട്ട് നിരോധന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അവസാനിച്ച സാമ്പത്തിക വര്‍ഷം(2017 മാര്‍ച്ച്) കമ്പനി 813 കോടിയുടെ അധിക വരുമാനമാണുണ്ടാക്കിയത്. ഉപയോക്താക്കളുടെ എണ്ണം 150 ദശലക്ഷത്തില്‍ നിന്ന് 200 ദശലക്ഷമായി കുതിച്ചുയരുകയും ചെയ്തു.

ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, സീ ന്യൂസ്, എപിബി ന്യൂസ് പോലുള്ള വമ്പന്‍ മാധ്യമ സ്ഥാപനങ്ങള്‍ പണം വാങ്ങി ഹിന്ദുത്വ പ്രചാരണം നടത്താന്‍ തയ്യാറായതിന്റെ വിവരങ്ങള്‍ കോബ്രപോസ്റ്റ് വെള്ളിയാഴ്ച്ച പുറത്തുവിട്ടിരുന്നു. ഒരു സംഘപരിവാര സംഘടനയുടെ പ്രതിനിധി എന്നവകാശപ്പെട്ടു കൊണ്ടാണ് കോബ്രപോസ്റ്റ് റിപോര്‍ട്ടര്‍ മാധ്യമസ്ഥാപനങ്ങളെയും പേടിഎമ്മിനെയും സമീപിച്ചത്.

[embed]https://www.youtube.com/watch?list=PLtIitJsHQm66Z2Vk7Us-YE_Bhy0_eYG_C&v=lvj8hRD1GY4[/embed]
Next Story

RELATED STORIES

Share it