malappuram local

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം

പൊന്നാനി: വാര്‍ഷിക പദ്ധതികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്ന ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തെന്ന ഹാട്രിക് നേട്ടവുമായി പെരുമ്പടപ്പ്. തിങ്കളാഴ്ച മലപ്പുറത്ത് ചേര്‍ന്ന ആസൂത്രണ സമിതിയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 3.60 കോടി രൂപ ചെലവുവരുന്ന അമ്പത് പദ്ധതികള്‍ക്കാണ് അംഗീകാരമായത്.
ലൈഫ് മിഷന്‍, പിഎംഎവൈ ഉള്‍പ്പെടെ ഭവന പദ്ധതികള്‍ക്കായി 80 ലക്ഷം രൂപയും, റോഡ് നിര്‍മാണം, നവീകരണം എന്നീ പദ്ധതികള്‍ക്ക് 34 ലക്ഷം രൂപയും മാറഞ്ചേരി പരിച്ചകം സ്‌പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും എസ്‌സി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കുടിവെള്ളം, റോഡ് നിര്‍മാണം, ചുറ്റുമതില്‍, നഴ്‌സറി നിര്‍മാണം, ഹോസ്റ്റല്‍ നവീകരണം, ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് തുടങ്ങിയ പദ്ധതികള്‍ക്കായി 59.61 ലക്ഷം രൂപയും അംഗീകാരം ലഭിച്ചു.
കൂടാതെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രകൃതി സൗഹൃദ സാമൂഹികമാറ്റം ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ എല്‍പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ‘അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം’ പദ്ധതിക്കായി 13 ലക്ഷം രൂപയും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 100 സൈക്കിള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കായി അഞ്ചു ലക്ഷം രൂപയും വെളിയങ്കോട് സൗത്ത് ജിഎംയുപി സ്‌കൂളിനും വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്‌കൂളിന്റെ കംപ്യൂട്ടര്‍ ലാബിന് അഞ്ച് ലക്ഷം രൂപയും മുഖഛായ മാറ്റുന്നതിന് അഞ്ചു ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് പത്ത് ലക്ഷം രൂപയും ബ്ലോക്കിന് കീഴിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളേയും സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിനായുള്ള ശുചിത്വ പദ്ധതികള്‍ക്കായി 30 രൂപയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചവയാണ്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം മാത്രം ലക്ഷ്യമാക്കി ആസൂത്രണ സമിതി അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും ജീവനക്കാരും ജനപ്രതിനിധികളും ഒരുമിച്ചതിന്റെ നേട്ടമാണു പദ്ധതികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ അംഗീകാരം തുടര്‍ച്ചയായി 3ാം വര്‍ഷവും നേടുന്നതിന് തുണയായതെന്ന് ബ്ലോക്ക് പ്രസിഡന്റ് പി എം ആറ്റുണ്ണി തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it