Environment

പെരിയാറേ

പെരിയാറേ
X













കേരളത്തിന്റെ ജീവനാഡിയായ പെരിയാര്‍ നദി നാശത്തിന്റെ വക്കിലാണ്.
ഏതാണ്ട് അമ്പതു ലക്ഷത്തോളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി
പെരിയാറിലെ ജലത്തെ ആശ്രയിക്കുന്നു






periyaar



ഷെഹ്‌സാദ്‌
ശ്ചിമഘട്ടത്തിലെ മൂന്നു വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ നിന്ന് ഉദ്ഭവിച്ച് ഒഴുകുന്ന നദിയാണ് പെരിയാര്‍(പൂര്‍ണാനദി). കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ശിവഗിരിക്കുന്നുകളിലുള്ള ചൊക്കാംപെട്ടി മല, പാച്ചിമല, കാളിമല, സുന്ദരമല, നാഗമല, കോമല, വള്ളിമല എന്നീ ഏഴു മലകളില്‍ നിന്ന് ഇത് ഉദ്ഭവിക്കുന്നു. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍. കേരളത്തിലെ 44 നദികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും പെരിയാര്‍ കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്നു.
വിവിധ മലകളില്‍ നിന്ന് നീരരുവിയായി ഉദ്ഭവിക്കുന്ന പെരിയാറിന്റെ പോഷകനദിയായ മുല്ലയാര്‍ ഏകദേശം 48 കി.മീ. താഴോട്ട് സഞ്ചരിച്ചു മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് എത്തുന്നു. 1895ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് ജനുവരി 4 ലക്കത്തില്‍ വായിച്ചിരുന്നല്ലോ. ഈ ഡാമിന്റെ ജലസംഭരണിയാണ് പെരിയാര്‍ തടാകം. അതിന്റെ ചുറ്റുമാണ് പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്.
പെരിയാറിന്റെ പോഷകനദികള്‍ ഒലിച്ചിറങ്ങുന്നത് ഒരുകാലത്ത് നിത്യഹരിത വനമേഖലകളായിരുന്ന പ്രദേശങ്ങളില്‍ നിന്നാണ്. ഈ ഭാഗങ്ങള്‍ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. പെരിയാറിലെ ജലത്തിന്റെ ഔഷധ ഗുണത്തിന് കാരണവും ഇതായിരുന്നു. പോഷകനദികളുമായി യോജിച്ച് താഴോട്ടൊഴുകുന്ന പെരിയാര്‍ ഇടുക്കി ജലസംഭരണിയില്‍ ചെന്നുചേരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ ആര്‍ച്ച് ഡാം ഇവിടെ പെരിയാറിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. പെരിയാറിന്റെ ഈ ശാഖ ഇടുക്കി അണക്കെട്ട് വന്നതോടെ താഴോട്ട് ഒഴുകാതെയായി. അണക്കെട്ട് വരുന്നതിനു മുമ്പ് 400 മീറ്ററിലധികം വീതിയില്‍ ഒഴുകിയിരുന്ന പുഴ അണക്കെട്ടിനു താഴെ ഏകദേശം കരിമ്പന്‍ വരെ 10 മീറ്ററിനു താഴെ വീതിയില്‍ നേരിയ ജലപ്രവാഹമായി ഒഴുകുന്നതായി കാണാം. പുഴ മുമ്പൊഴുകിയിരുന്ന പ്രദേശം ഇന്ന് ആളുകള്‍ കൈയേറി തെങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു. ഇവിടെ പച്ചക്കറികൃഷികളും ആരംഭിച്ചിരിക്കുകയാണ്.
ഇടുക്കി ജലസംഭരണിക്കുവേണ്ടി നിര്‍മിച്ച മറ്റു രണ്ട് അണക്കെട്ടുകളാണ് ചെറുതോണിയും കുളമാവും. കുളമാവില്‍ നിന്ന് ഇടുക്കി ജലസംഭരണിയിലുള്ള ജലത്തെ ടണല്‍ വഴി മൂലമറ്റത്ത് കൊണ്ടുവന്ന് വൈദ്യുതി ഉല്‍പാദനത്തിനുശേഷം മൂവാറ്റുപുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതുമൂലം പെരിയാറ്റിലൂടെ ഒഴുകേണ്ട ജലത്തിന്റെ വലിയൊരു പങ്ക് തിരിച്ചെടുക്കാനാവാത്തവിധം മൂവാറ്റുപുഴയിലൂടെ ഒഴുകുന്നു.

periyaar2
പശ്ചിമഘട്ടത്തിലെ മൂന്നാര്‍, പൊന്‍മുടി ഭാഗങ്ങളാണ് പെരിയാറിന്റെ രണ്ടാമത്തെ ഉദ്ഭവസ്ഥാനം. മൂന്നാറിലെ കണ്ണന്‍ദേവന്‍ എസ്‌റ്റേറ്റുകളിലെ ചെറിയ അരുവികളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍നിന്നുമാണ് പെരിയാറിന് ഒഴുകാന്‍ ജലം ലഭിക്കുന്നത്. പെരിയാറിന്റെ മൂന്നാമത്തെ ഉദ്ഭവം ദേവികുളം താലൂക്കിലെ ആനമലയില്‍ നിന്നാണ്. പ്രധാനപ്പെട്ട രണ്ടു പോഷകനദികള്‍ ഇടമലയാറും പൂയ്യംകുട്ടിയാറുമാണ്. പാച്ചിയാര്‍, ആനക്കുളം പുഴ, കരിന്തിരിയാര്‍, മേലാശ്ശേരിപ്പുഴ, മണിമലയാര്‍, കല്ലാര്‍ എന്നീ ചെറുനദികള്‍ ചേര്‍ന്നാണ് പൂയ്യംകുട്ടിയാര്‍ ഉദ്ഭവിക്കുന്നത്. ആനമലയാറും മറ്റു നിരവധി അരുവികളും ചേര്‍ന്നാണ് ഇടമലയാര്‍ രൂപംപ്രാപിക്കുന്നത്. ഇടമലയാറിലെ ജലം അണകെട്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ പെരിയാര്‍ മൂന്നു വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഉദ്ഭവിച്ച് താഴോട്ടൊഴുകി പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് ജലസംഭരണിയില്‍ സംഗമിക്കുന്നു. ഏതാണ്ട് 50 ലക്ഷത്തോളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പെരിയാറിലെ ജലത്തെ ആശ്രയിക്കുന്നു.
പെരിയാര്‍ മരിക്കുന്നു

19ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പെരിയാറില്‍ ആരംഭം കുറിച്ച അണക്കെട്ട് നിര്‍മാണം 20ാം നൂറ്റാണ്ടിന്റെ അവസാനമാവുമ്പോഴേക്കും 15 എണ്ണമായി വര്‍ധിച്ചു. നദി തടാക രൂപത്തില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരിക്കുന്നു. കൊച്ചി കായലിലേക്ക് (വേമ്പനാട്) പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പെരിയാര്‍ എന്നീ ആറു നദികള്‍ എത്തിച്ചേരുന്നുണ്ടെങ്കിലും ഒഴുകിയെത്തുന്ന ജലത്തിന്റെ 70 ശതമാനവും പെരിയാറിന്റെ സംഭാവനയാണ്. പെരിയാറിന്റെ ഒഴുക്കും ജലസമൃദ്ധിയും തന്നെയായിരുന്നു വേമ്പനാട് കായലിന്റെ ചൈതന്യത്തിനു കാരണം.



periyaar1



പെരിയാറിലെ ശുദ്ധജലം വന്നുചേര്‍ന്ന് കായല്‍ ജലത്തെ നേര്‍പ്പിച്ച് സൃഷ്ടിക്കുന്ന സമശീതോഷ്ണമായ അവസ്ഥയിലാണ് മല്‍സ്യങ്ങള്‍ പ്രജനനം നടത്തുന്നതും കായല്‍പ്രദേശം ഒരു ഹാച്ചറിയായി പ്രവര്‍ത്തിക്കാന്‍ സജ്ജമാവുന്നതും. വര്‍ധിച്ച മലിനീകരണവും ശോഷിച്ച നീരൊഴുക്കും വേമ്പനാട് കായലിന്റെ പ്രതാപത്തെ ഇല്ലാതാക്കി. ഉള്‍നാടന്‍ മല്‍സ്യമേഖലയില്‍ വറുതി വന്നു. അതോടൊപ്പം പെരിയാര്‍ വഴി എത്തിച്ചേരുന്ന വ്യവസായ മാലിന്യങ്ങളില്‍ വന്‍തോതില്‍ ലെഡ്, സിങ്ക്, കാഡ്മിയം, മാംഗനീസ്, നിക്കല്‍, കോപ്പര്‍, ക്രോമിയം, കൊബാള്‍ട്ട് തുടങ്ങിയ ഘനലോഹങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ 10 വര്‍ഷത്തെ അപേക്ഷിച്ച് 20 മുതല്‍ 25 ഇരട്ടി ഇത്തരം മാലിന്യങ്ങള്‍ വേമ്പനാട്ടു കായലിലും മറ്റും വര്‍ധിച്ചതായി കാണുന്നു. ഇത് പെരിയാറില്‍ നിന്നും 40 കിലോമീറ്റര്‍ പ്രദേശത്തേക്ക് വ്യാപിച്ചതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ ഗംഗാ നദീതടം, മുംബൈ ഹാര്‍ബര്‍ തുടങ്ങിയ മറ്റ് കായല്‍ മേഖലയെ അപേക്ഷിച്ച് കൊച്ചി കായലിലും പരിസര പ്രദേശത്തും ഘനലോഹ സാന്നിധ്യം പത്തിരട്ടി കൂടുതലായി കാണപ്പെടുന്നു.

പെരിയാറിലും വേമ്പനാട്ടു കായലിലും ഉണ്ടായിരുന്ന എഴുപതോളം സൂക്ഷ്മജീവികളില്‍ മിക്കവയെയും ഈ പ്രദേശത്ത് ഇപ്പോള്‍ കാണാനേയില്ല. പല പ്രദേശങ്ങളും ഡെഡ് സോണുകളായി മാറിക്കഴിഞ്ഞു. ഉള്ള ജീവികളാകട്ടെ ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്ന മേഖലകളില്‍ കാണുന്ന പോളിക്കേറ്റ്‌സ് എന്ന വിഭാഗത്തില്‍പെടുന്ന ജീവികളുമാണ്. പുഴയിലും കായലിലും സെഡിമെന്റില്‍ കാണപ്പെടുന്ന കക്കയുള്‍പ്പെടെ പതിനൊന്നോളം ജീവജാലങ്ങള്‍ പ്രദേശത്തു നിന്ന് തീര്‍ത്തും ഇല്ലാതായി. സമീപഭാവിയില്‍ത്തന്നെ കൊച്ചി കായല്‍ അടക്കമുള്ള ഉള്‍നാടന്‍ മല്‍സ്യമേഖല ഒന്നാകെ ജലജീവികള്‍ ഇല്ലാതായി ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കടുത്ത പട്ടിണിയിലേക്കും വറുതിയിലേക്കും എത്തിച്ചേരും.

Next Story

RELATED STORIES

Share it