ernakulam local

പെരിയാര്‍വാലി, മൂവാറ്റുപുഴ പദ്ധതികളുടെ കനാലുകള്‍ തുറക്കും

കൊച്ചി: ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ജലസേചന പദ്ധതികളുടെ കനാലുകള്‍ തുറക്കുന്നു. പെരിയാര്‍വാലി പദ്ധതിയുടെ കനാലുകള്‍ ജനുവരി 10 നും മൂവാറ്റുപുഴ പദ്ധതിയുടെ കനാലുകള്‍ ജനുവരി 15 നും തുറന്ന് ജലം ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. കനാലുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കലക്ടര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കനാലുകള്‍ ഉടനെ തുറക്കണമെന്ന് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴ പദ്ധതിയുടെ കീഴിലുള്ള ആരൂര്‍ ഇടതുകര പ്രധാന കനാല്‍, രാമമംഗലം ബ്രാഞ്ച് കനാല്‍, മന്നത്തൂര്‍ നീര്‍പാലം, അരീക്കല്‍ എന്നിവിടങ്ങളാണ്  ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചത്. പദ്ധതിയുടെ കീഴിലുള്ള കനാലുകളുടെ വൃത്തിയാക്കല്‍ 90% പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി മൂവാറ്റുപുഴ പദ്ധതിയുടെ കീഴിലുള്ള കനാലുകളുടെ നീളം 335 കിലോമീറ്ററാണ്.പെരുമ്പാവൂര്‍ ഡിവിഷന്റെ കീഴിലുള്ള പെരിയാര്‍വാലി പദ്ധതിയുടെ കോടനാട് ഈസ്റ്റ്, വെസ്റ്റ് കനാലുകള്‍, ചെറുകുന്നം, മുട്ടന്‍കുഴി, അശമന്നൂര്‍ ഭാഗങ്ങള്‍, ഭൂതത്താന്‍കെട്ട് ബാരേജ് എന്നിവ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ഹൈലെവല്‍ കനാലിന്റെ ഭാഗങ്ങളായ നാഗഞ്ചേരി, അടിയോടി എന്നിവയും സന്ദര്‍ശിച്ചു. പെരുമ്പാവൂര്‍ ഡിവിഷനു കീഴില്‍ 400 കിലോ മീറ്ററും ആലുവ ഡിവിഷനു കീഴില്‍ 350 കിലോമീറ്ററും അടക്കം ആകെ 750 കിലോമീറ്റര്‍ നീളമാണ് പെരിയാര്‍വാലി പദ്ധതിക്കു കീഴിലുള്ള കനാലുകള്‍ക്കുള്ളത്.പെരിയാര്‍ വാലി പദ്ധതിയുടെ കീഴില്‍ കനാല്‍ വൃത്തിയാക്കല്‍ 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ ജില്ലാ കലക്ടറെ അറിയിച്ചു.
Next Story

RELATED STORIES

Share it