പെന്‍ഷന്‍ പ്രായവര്‍ധന: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. അത്യാഹിതവിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് രോഗികള്‍ ദിവസവുമെത്തുന്ന ഒപികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്. അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐ സിയു, എമര്‍ജന്‍സി ഓപറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പണിയെടുത്തുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ദന്തല്‍ കോളജുകളിലെ വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എംബിബിഎസ് വിദ്യാര്‍ഥികളും ഇന്നലെ പഠിപ്പുമുടക്കി സമരത്തിനു പിന്തുണ നല്‍കി. അതേസമയം ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം രോഗികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. യഥാസമയം നോട്ടീസ് നല്‍കാതെയുള്ള സമരവുമായി മുന്നോട്ടുപോയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അവധിയിലുള്ള ഡോക്ടര്‍മാരെ തിരിച്ചുവിളിച്ച് ഡോക്ടര്‍മാരുടെ കുറവ് നികത്താനും സമരത്തെ നേരിടാന്‍ ബദല്‍ സംവിധാനമൊരുക്കാനും ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.  പെന്‍ഷന്‍ പ്രായ വര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, ഒഴിവുകള്‍ നികത്തുക, താല്‍ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. ഇക്കാര്യങ്ങള്‍ ഡിസംബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായും ഇതു പാലിച്ചില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കേരള മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 3000ഓളം ഡോക്ടര്‍മാരാണ് അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it