palakkad local

പെന്‍ഷന്‍ നല്‍കാതെ പാലക്കാട് നഗരസഭ ബുദ്ധിമുട്ടിക്കുന്നുവെന്ന്

പാലക്കാട്: കൃത്യസമയം പെ ന്‍ഷന്‍ നല്‍കാതെ പാലക്കാട് നഗരസഭ തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന പരിഭവവുമായി മുനിസിപ്പല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍. ജില്ലയിലെ മറ്റു നഗരസഭകള്‍ എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ പാലക്കാട് നഗരസഭ ഓരോ ന്യായങ്ങള്‍ നിരത്തി വിതരണം വൈകിപ്പിക്കുകയാണ്.
കഴിഞ്ഞ മാസം 17നും അതിന് മുന്‍പത്തെ മാസം 24നുമാണ് പെന്‍ഷന്‍ നല്‍കിയത്. 10ാം തിയ്യതി കഴിഞ്ഞല്ലാതെ പെന്‍ഷന്‍ നല്‍കില്ലെന്ന നിലപാടാണ് നഗരസഭ ഭരണാധികാരികളും സെക്രട്ടറിയും സ്വീകരിക്കുന്നത്. മാത്രവുമല്ല 2014ല്‍ മുതല്‍ വര്‍ധിപ്പിച്ച പെന്‍ഷന്റെ കുടിശ്ശികയും നല്‍കാന്‍ നഗരസഭ വിമുഖത കാണിക്കുന്നു.
എല്ലാ മാസവും ഒന്നാം തിയ്യതി പെന്‍ഷന്‍ നല്‍കണമെന്നും ഇതിനായി തനത്ഫണ്ട് ഉപയോഗിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെവിക്കൊള്ളുന്നില്ല. പെന്‍ഷന്‍ വിതരണം അടുത്താല്‍ സെക്രട്ടറി ലീവില്‍ പോവുന്നതും പതിവാണ്. നഗരസഭ ഭരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നയത്തോട് തന്നെ എതിര്‍പ്പാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി നഗരസഭയിലെ 178പേര്‍ പെന്‍ഷന്‍ കൃത്യസയത്ത് കിട്ടാതെ പീഡനമനുഭവിക്കുകയാണ്.
ഇവര്‍ക്കെല്ലാം കൂടി മാസം 27.5ലക്ഷമാണ് വിതരണം നടത്തേണ്ടത്. ഇതിനൊരു പരിഹാരമുണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എ സൈനുദ്ദീന്‍, അബ്ദുല്‍ മജീദ്, കെ പി ശ്രീകുമാര്‍, സുരേന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it