പെനാല്‍റ്റി ഷൂട്ടൗട്ട് വിധി പറയുന്ന റഷ്യന്‍ ലോകകപ്പ്

എം എം സലാം
എട്ടടി ഉയരവും 24 അടി വീതിയുമുള്ളൊരു ചതുരക്കൂട്ടിലേക്ക് 36 അടി അകലെ നിന്നു പന്തടിച്ചുകയറ്റുക. 36 അടി നീളമുള്ളൊരടി. അതിന്റെ വേഗം എത്രയുമാവാം. അതു ചിലപ്പോള്‍ മഴവില്ലുപോലെ വളഞ്ഞുപുളഞ്ഞു പോസ്റ്റിലിറങ്ങാം, നിലം പറ്റി തീവണ്ടി പോലെ എത്താം, വായുവില്‍ അമ്പു പോലെയാവാം, വെടിയുണ്ട പോലെയുമാവാം. ആ പന്ത് തടുക്കാന്‍ ഒരു മനുഷ്യനുണ്ടാകും. അയാളുടെ പേര് ഗോള്‍കീപ്പറെന്നായിരിക്കും. ഇത്തവണത്തെ റഷ്യന്‍ ലോകകപ്പിലും പെനല്‍റ്റികളുടെ ചാകര തന്നെയായിരുന്നുവെന്നു പറയാം. പ്രീക്വാര്‍ട്ടറിലെ നാലു മല്‍സരങ്ങളും ക്വാര്‍ട്ടറിലെ അവസാന മല്‍സരവും വിധി നിര്‍ണയിച്ചത് പെനല്‍റ്റി ഷൂട്ടൗട്ടുകളിലൂടെയായിരുന്നു. കരുത്തന്‍മാര്‍ തമ്മിലുള്ള മല്‍സരമായതിനാല്‍ ഇനി വരാനിരിക്കുന്ന  സെമിയിലും കലാശപ്പോരാട്ടത്തിലും ഈ ഷൂട്ടൗട്ട് പ്രതീക്ഷിക്കാം. ഈ ലോകകപ്പിലെ ആവേശകരമായ പെനല്‍റ്റി ഷൂട്ടൗട്ട് മല്‍സരങ്ങളെക്കുറിച്ച്:

റഷ്യ ഷൂട്ട്; സ്‌പെയിന്‍ ഔട്ട്
അത്യന്തം ആവേശം നിറഞ്ഞ റഷ്യ-സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യക്കായിരുന്നു ജയം. ഷൂട്ടൗട്ടില്‍ നാലു ഷോട്ടുകള്‍ റഷ്യ സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാംപ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ടതും ഇതേ ഗോളി തന്നെയായിരുന്നു.
റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരില്‍ ആദ്യമായാണ് മത്സരം അധികസമയത്തേക്ക് നീളുന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധികസമയത്തേക്ക് നീണ്ടത്. ബോള്‍ പൊസിഷനില്‍ സ്‌പെയിന്‍ തന്നെയായിരുന്നു മുന്നില്‍. കൗണ്ടര്‍ അറ്റാക്കിങ് ആയിരുന്നു റഷ്യയുടെ ആയുധം. രണ്ടു പകുതികളിലും സ്‌പെയിന്‍ പന്തുമായി റഷ്യന്‍ ബോക്‌സില്‍ വട്ടമിട്ടെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ നെഞ്ചിടിപ്പേറ്റി സ്‌പെയിനിന്റെ ചില കിക്കുകള്‍ വന്നെങ്കിലും ഗോളിയെ വീഴ്ത്താനായില്ല.

ക്രൊയേഷ്യ ഷൂട്ട്;
ഡെന്‍മാര്‍ക്ക് ഔട്ട്
ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാമത്തെ പ്രീക്വാര്‍ട്ടറിലും വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. യൂറോപ്യന്‍ അങ്കത്തില്‍ ഡെന്‍മാര്‍ക്കിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നു ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. അത്യധികം ആവേശകരമായ പോരാട്ടത്തില്‍ 3-2നാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചുകയറിയത്.
ഈ മല്‍സരത്തില്‍ ഗോള്‍കീപ്പര്‍ ഡാനിയേല്‍ സ്യുബാസിച്ചാണ് ക്രൊയേഷ്യയുടെ ഹീറോ ആയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിന്റെ രണ്ടു കിക്കുകള്‍ സ്യുബാസിച്ച് തകര്‍പ്പന്‍ സേവിലൂടെ വിഫലമാക്കി. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് എക്‌സ്ട്രാ ടൈമും പെനല്‍റ്റി ഷൂട്ടൗട്ടും വേണ്ടിവന്നത്.

ഇംഗ്ലണ്ട് ഷൂട്ട്;
കൊളംബിയ ഔട്ട്
അട്ടിമറി മണത്ത റഷ്യന്‍ ലോകകപ്പിന്റെ അവസാന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറുകയായിരുന്നു. കളിയും കൈയാങ്കളിയുമെല്ലാം കണ്ട പോരാട്ടത്തില്‍ 4-3നാണ് ഷൂട്ടൗട്ടില്‍ ത്രീ ലയണ്‍സ് ജയിച്ചുകയറിയത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 ആയിത്തന്നെ തുടര്‍ന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ 57ാം മിനിറ്റില്‍ നേടിയ പെനല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍, ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ യെറി മിന കൊളംബിയയുടെ ഗോള്‍ മടക്കിയതോടെ കളി അധികസമയത്തേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് അഞ്ചു കിക്കുകളില്‍ നാലും ഗോളാക്കിയപ്പോള്‍ കൊളംബിയക്കു മൂന്നെണ്ണമാണ് ഗോളാക്കാനായത്.

ക്രൊയേഷ്യ ഷൂട്ട്; റഷ്യ ഔട്ട്
റഷ്യന്‍ ലോകകപ്പിലെ ഷൂട്ടൗട്ടിലെ വമ്പന്‍മാരെന്ന് ക്രൊയേഷ്യയെ വിശേഷിപ്പിക്കാം. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഷൂട്ടൗട്ടിലൂടെ എതിരാളികളെ മറികടന്നാണ് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. അവസാന ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ക്രൊയേഷ്യ സെമിഫൈനലിലേക്ക് മുന്നേറിയത്.
നിശ്ചിത സമയത്ത് 1-1നും അധികസമയത്ത് 2-2നും സമനില പാലിച്ചതിനെ തുടര്‍ന്നാണ് റഷ്യ-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ റഷ്യ രണ്ടു ഷോട്ടുകള്‍ പാഴാക്കിയപ്പോള്‍ ക്രൊയേഷ്യ ഒരെണ്ണം പാഴാക്കി. സ്‌മോളോവിന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിഷ് തടുത്തിട്ടപ്പോള്‍ ഫെര്‍ണാണ്ടസ് ഷോട്ട് പുറത്തേക്ക് അടിച്ചുകളഞ്ഞു. ക്രൊയേഷ്യന്‍ നിരയില്‍ രണ്ടാം കിക്കെടുത്ത കൊവോസിച്ചിന്റെ ഷോട്ട് റഷ്യന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടു. ഇതോടെ മത്സരം റഷ്യയെ കൈവിടുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തുടര്‍ച്ചയായ രണ്ടാം നോക്കൗട്ട് മല്‍സരം നേടിയ ടീമായി ഇതോടെ ക്രൊയേഷ്യ മാറി. 1990ല്‍ യൂഗോസ്ലാവിയയെയും ഇറ്റലിയെയും പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് അര്‍ജന്റീന മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it