പെട്രോളിയം ഉല്‍പന്നങ്ങളും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരും: ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: നിലവില്‍ ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ പരിധിയില്‍ പെടാത്ത പെട്രോളിയം ഉല്‍പന്നങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനകാര്യ-റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ. ഡീസല്‍, പെട്രോള്‍, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, വിമാന ഇന്ധനം എന്നി—വ നിലവില്‍ ചരക്കു സേവന നികുതിയുടെ പരിധിക്കു പുറത്താണ്. എന്നാല്‍, ഇവയ്ക്കു മേല്‍ സംസ്ഥാനങ്ങള്‍ക്കു മൂല്യവര്‍ധിത നികുതി (വാറ്റ്) ചുമ—ത്താന്‍ അധികാരമുണ്ടായിരുന്നു. എന്നാല്‍, ഇനി പെട്രോളിയം ഉല്‍പന്നങ്ങളും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി വ്യക്തമാക്കിയത്.
ഘട്ടംഘട്ടമായി ഇവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മുമ്പാകെ ഉണ്ടായിരുന്ന ഒരാവശ്യമായിരുന്നു പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുകയെന്നത്. അക്കാര്യം തങ്ങള്‍ പരിഗണിക്കും. എല്ലാം അതതിന്റെ ഘട്ടങ്ങളില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. നിലവില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്ര ആഭ്യന്തര നികുതിയും സംസ്ഥാനങ്ങളുടെ മൂല്യവര്‍ധിത നികുതിയും ഉള്‍പ്പെടുത്തിയാകും ഇവ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുക.
എന്നാല്‍, ആദ്യഘട്ടമെന്ന നിലയില്‍ പാചകവാതകവും വിമാന ഇന്ധനവും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഈ മാസം 21നു നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണിച്ചേക്കും.
Next Story

RELATED STORIES

Share it