പെട്രോകെമിക്കല്‍സ് പാര്‍ക്കിനായി 481.79 ഏക്കര്‍ ഏറ്റെടുക്കും

എന്‍ എ ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ അമ്പലമേട് ഡിവിഷനില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായമന്ത്രി എ സി മൊയ്തീന്റെയും സാന്നിധ്യത്തില്‍ വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് കെ ലോഹാനിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫാക്ടിന്റെ 481.79 ഏക്കറില്‍ ഒരു ഏക്കറിന് ഒരു കോടി എന്ന നിലയില്‍ 150 ഏക്കറും ഏക്കറിന് 2.4758 കോടി എന്ന നിലയില്‍ 331.79 ഏക്കറും ഏറ്റെടുക്കും. ആകെ സ്ഥലത്തിന്റെ വില 971.4456 കോടി രൂപയാണ്. 1800 കോടി രൂപയാണ് പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ പദ്ധതി ചെലവ്. സംസ്ഥാനസര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നാണ് ഈ തുക സമാഹരിക്കുന്നത്. ഇതില്‍ 800 കോടി രൂപ സംസ്ഥാന സര്‍ക്കാരാവും വഹിക്കുക. ഏകദേശം 3000ഓളം ഏക്കര്‍ ഭൂമിയാണ് ഫാക്ടിന്റെ ഉടമസ്ഥതയിലുള്ളത്. ഫാക്ടിന്റെ ഭൂമി മുഴുവന്‍ കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതാണ്. 1982ല്‍ പൊതുമേഖലാ സ്ഥാപനമായി പ്രഖ്യാപിക്കുമ്പോള്‍ എന്നെങ്കിലും ഫാക്ട് നിര്‍ത്തലാക്കുകയാണെങ്കില്‍ കേരള സര്‍ക്കാരിന് ഭൂമി തിരിച്ചുനല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവൃത്തിക്കുന്ന കമ്പനിയുടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 2020 ഡിസംബര്‍ ആവുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാവും. കെഎസ്‌ഐഡിസി എംഡി എം ബീന, ഉന്‍ഡസ്ട്രീസ് ഡയറക്ടര്‍ കെ എന്‍ സതീഷ്, കിന്‍ഫ്ര എംഡി കെ എ സന്തോഷ് കുമാര്‍, ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍, മാനേജര്‍ ജി സുനില്‍, കെഎസ്‌ഐഡിസി ജി എം അജിത്കുമാര്‍ പങ്കെടുത്തു.ബിപിസിഎല്ലിന്റെ വികസനത്തോടൊപ്പം കൊച്ചിന്‍ റിഫൈനറിയുടെയും ബിപിസിഎല്ലിന്റെയും അനുബന്ധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യവും ഒരുക്കുകയാണ് ലക്ഷ്യം. സിങ്കപ്പൂര്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പെട്രോ കെമിക്കല്‍സ് ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും പാര്‍ക്കില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സൗകര്യം ലഭിക്കും. പോളി പ്രോപിലീന്‍ അസംസ്‌കൃത വസ്തു ഉപയോഗിച്ചാണ് പെട്രോകെമിക്കല്‍സ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. നവീകരണം പൂര്‍ത്തിയാവുന്നതോടെ കൊച്ചി റിഫൈനറിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്‍ പ്രോപിലീന്‍ ഉല്‍പാദിപ്പിക്കാനാവും. പ്രോപിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോ കെമിക്കല്‍സ് പ്രൊജക്റ്റ് പൂര്‍ത്തിയാവുന്നതോടെ രാജ്യത്ത് ആദ്യമായി പ്രോപിലീന്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥാപനമായി കൊച്ചിന്‍ റിഫൈനറി മാറും. അക്രലിക് ആസിഡ്, അക്രലൈറ്റ്‌സ്, ഓക്‌സോ അല്‍ക്കഹോള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നതിലൂടെ പെയിന്റ്, ജലശുദ്ധീകരണ ഉപകരണങ്ങള്‍, പശ തുടങ്ങിയവയുടെ വിപണിയില്‍ മുന്നേറ്റമുണ്ടാക്കാനാവും
Next Story

RELATED STORIES

Share it