kozhikode local

പൂഴിത്തോട്-പടിഞ്ഞാറത്തറ- വയനാട് റോഡിന്റെ പ്രസക്തി വര്‍ധിക്കുന്നു

പേരാമ്പ്ര: വയനാട്ടിലേക്ക് താമരശ്ശേരി ചുരം വഴിയുളള യാത്രകള്‍ നിരോധിച്ചതോടെ ബാംഗ്ലൂര്‍, മൈസൂര്‍ അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ കുറ്റിയാടി-പക്രന്തളം ചുരം വഴി പ്രയാസപ്പെട്ട് സര്‍വ്വീസ് നടത്തുന്ന സാഹചര്യത്തില്‍, ലാഭകരവും ചുരമില്ലാത്തതും മുടിപിന്‍ വളവുകളില്ലാത്തതുമായ പൂഴിത്തോട്- പടിഞ്ഞാറത്തറ, വയനാട് ബദല്‍ റോഡിന്റെ പ്രസക്തി വര്‍ധിക്കുന്നു.
നാഷനല്‍ ഹൈവേ-212ല്‍ കേരള-കര്‍ണ്ണാടക യാത്ര രാത്രി നിരോധിച്ചപ്പോള്‍ തന്നെ വളരെ ഗൗരവത്തില്‍ കണ്ട് പ്രാവര്‍ത്തികമാക്കേണ്ട റോഡായിരുന്നു ഇത്. എന്നാല്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അനാസ്ഥകാരണം ഈ റോഡ് അവഗണിക്കപ്പെട്ടു. ചുരം റോഡുകള്‍ എല്ലാ മഴക്കാലത്തും തകരുന്ന സാഹചര്യമുണ്ടാവുന്നത് വയനാട് യാത്രക്ക് തടസമാവുകയും ദീര്‍ഘദൂരമുളള മൈസൂര്‍, ബാംഗ്ലൂര്‍ യാത്രക്ക് പ്രയാസം നേരിടുകയും ചെയ്യുന്നതിന്റെ അവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ എത്തിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഓരോ മഴക്കാലത്തും ചുരം ഇടിഞ്ഞ് ഗതാഗതം മുടങ്ങുമ്പോള്‍
താല്‍ക്കാലിക പരിഹാരം മാത്രമാണ് ചര്‍ച്ച ചെയ്യന്നത്. ഇപ്പോഴും ശാശ്വത പരിഹാരം തൊട്ടടുത്തു തന്നെയുണ്ടെങ്കിലും അത് ആരും ഗൗനിക്കുന്നില്ല.വര്‍ഷം തോറും ചുരം ഇടിഞ്ഞും മരങ്ങള്‍ വീണുയാത്രകള്‍ മുടങ്ങുന്നു. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ചിപ്പിലിത്തോട് ഭാഗത്ത് റോഡ് തകര്‍ന്നതോടെ ഇത്തവണയും ചുരം റോഡില്‍ യാത്ര നിരോധിച്ചു. ഇതിനെല്ലാം പരിഹാരമാണ് പൂഴിത്തോട് ബദല്‍ റോഡ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്തു പൂഴിത്തോട് ഭാഗത്ത് പ്രസ്തുത റോഡിനു വേണ്ടി  പ്രവൃത്തി ഉല്‍ഘാടനം  ചെയ്തു.
എന്നാല്‍ റോഡ് ഉദ്ഘാടനം ചെയ്തുവെന്നല്ലാതെ ഇന്നും കടുത്ത അവഗണനയിലാണ്. വനത്തിലൂടെ റോഡിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി ലഭിക്കാത്ത സാഹചര്യവും വന്യമൃഗങ്ങളുടെ ആവാസത്തില്‍ വരുന്ന മാറ്റങ്ങളും ചൂണ്ടി കാണിക്കപ്പെടുന്നു. നദികളോ മലകളോ ഇല്ലാത്ത സുരക്ഷിത പാതക്ക് കോണ്‍ക്രീറ്റ് മേല്‍പാലം വനത്തിലൂടെ ഉപയോഗപ്പെടുത്താന്‍ കഴിയും.
കോഴിക്കോട്-വയനാട്-ബാംഗ്ലൂര്‍ യാത്രാപ്രശ്‌നങ്ങളും ചരക്കുനീക്കങ്ങളും ശാശ്വതമായി പരിഹരിക്കാന്‍ കഴിയുന്ന ഈ പാതക്ക് എത്രയും വേഗത്തില്‍ നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it