kozhikode local

പൂര്‍വപിതാവിന്റെ സ്മരണകള്‍ തേടി ചൈനയില്‍ നിന്ന് പിന്‍മുറക്കാര്‍

കോഴിക്കോട:് 620 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ അടക്കം ചെയ്ത പൂര്‍വപിതാവിന്റെ ചരിത്രം തേടി ചൈനീസ് അതിഥികള്‍ നഗരത്തിലെത്തി. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ചൈനയില്‍ നിന്നുള്ള മാമിന്‍യോങ് ഇസ്മാഈലാണ് കോഴിക്കോട് നഗരത്തിലെ ചീനേടത്ത് മഖാമില്‍ അടക്കം ചെയ്ത ചൈനീസ് സൂഫിയുടെ ചരിത്രം തിരിച്ചറിഞ്ഞത്്്. എഡി 1433ല്‍ ഇവിടെ ഖബറടക്കിയെന്ന് വിശ്വസിക്കപ്പെടുന്ന ഈ സൂഫി ആരാണ് എന്ന് ചരിത്രരേഖകളില്‍ കൃത്യമായ വിവരങ്ങളില്ല. എന്നാല്‍ മിങ് രാജവംശത്തിന്റെ സമകാലികനായ സെന്‍ഹേ ആണ് ഇതെന്നാണ്്് ഇവര്‍ പറയുന്നത്്. ഹാജി മഹ്മൂദ് ശംസുദ്ദീന്‍ എന്നാണ് സെന്‍ഹേ എന്നറിയപ്പെടുന്ന ഇവരുടെ പേര്. നയതന്ത്രജ്ഞനും നാവികനും സഞ്ചാരിയുമായിരുന്ന സെന്‍ഹേ 1433ല്‍ തന്റെ യാത്രാമധ്യേ അറബിക്കടലില്‍ വച്ച് മരണപ്പെടുകയും അങ്ങനെ കോഴിക്കോട് കപ്പലടുപ്പിച്ച് ഇവിടെ ഖബറടക്കിയതാവാമെന്നുമാണ് ഇവരുടെ നിഗമനം. 1371ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയില്‍ ജനിച്ച മാഹേ ആണ് പില്‍ക്കാലത്ത് സെന്‍ഹേ (ചെന്‍ഹേ) എന്നറിയപ്പെട്ടത്. പൂര്‍വ മിങ് രാജവംശത്തിലെ യൂങ്‌ലി ചക്രവര്‍ത്തിയാണ് സെന്‍ഹേ എന്ന സ്ഥാനപ്പേര് നല്‍കിയത്. മാഹേക്ക് പത്ത് വയസ്സുള്ളപ്പോള്‍ മിങ് സൈനികര്‍ തടവില്‍ പിടിക്കുകയും യാന്‍സൂദി രാജകുമാരന്റെ സേവകനായി നിയമിതനാവുകയും ചെയ്തു എന്നാണ് ചരിത്രം. വളരെ വേഗത്തില്‍ തന്നെ അവര്‍ക്കിടയില്‍ നല്ല സൗഹൃദം സ്ഥാപിക്കപ്പെട്ടു. യാന്‍സൂദി പിന്നീട് മിങ് രാജവംശത്തിന്റെ യൂങ്‌ലി ചക്രവര്‍ത്തിയായി. യൂങ്‌ലിയുടെ കൂടെ മംഗോളിയക്കാര്‍ക്കെതിരെ പടനയിച്ച മാഹേ ചക്രവര്‍ത്തിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി. യൂനാന്‍ പ്രവിശ്യ വടക്കന്‍ യുവാന്‍ രാജവംശത്തിന്റെ ഭാഗമായിരുന്ന മംന്‍ഗോളിയക്കാരില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചത് മാഹേയുടെ സാന്നിധ്യം കാരണമാണെന്ന് ചക്രവര്‍ത്തി വിശ്വസിച്ചിരുന്നുവത്രെ. മികച്ച നയതന്ത്രജ്ഞനായിരുന്ന സെന്‍ഹേ നല്ലൊരു നാവികനും പടത്തലവനും കൂടിയായിരുന്നു. ബുഖാറയില്‍ നിന്ന് യൂനാന്‍ പ്രവിശ്യയിലെത്തിയ സയ്യിദ് ശംസുദ്ദീന്‍ അല്‍ ബുഖാരിയുടെ രണ്ടാം തലമുറയിലാണ് സെന്‍ഹേയുടെ ജനനം. പ്രവാചക കുടുംബ പരമ്പര പ്രകാരം മുപ്പത്തിയൊന്നാമത്തെ പുത്രനണ് സെന്‍ഹേ. മരണശേഷം കോഴിക്കോട് ഖബറടക്കപ്പെട്ടെങ്കിലും വസ്ത്രങ്ങളും മറ്റും ചൈനയിലെത്തിക്കുകയും അവിടെ ഒരു സ്മാരകം പണികഴിപ്പിക്കുകയും ചെയ്തു. പിന്നീട് ആ സ്മാരകം ഇസ്‌ലാമിക വാസ്തുവിദ്യാരീതി പ്രകാരം പുതുക്കിപ്പണിതു. പില്‍ക്കാലത്ത് ആ സ്മാരകം സെന്‍ഹേയുടെ ഖബറിടമായി അറിയപ്പെട്ടു തുടങ്ങിയെങ്കിലും കുടുംബ രേഖകള്‍ പറയുന്നത് സെന്‍ഹേ കോഴിക്കോട് അന്ത്യവിശ്രമം കൊള്ളുന്നു എന്നാണ്. ചീലിക്കോ എന്ന് രേഖകളില്‍ കാണുന്ന നാട് കേരളമാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മാമിന്‍യോങിനൊപ്പം മലേഷ്യ അന്താരാഷ്ട്ര ഇസ് ലാമിക സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥികളായ ലിയൂചുവാങ് യൂസുഫ്, ഹൗവെന്‍ഹൂയ് ബദറുദ്ദീന്‍ എന്നിവരും അതിഥികളായി എത്തിയിട്ടുണ്ട്. ഈ ചരിത്രം കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ലിയൂചുവാങ്് ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it