palakkad local

പൂജയ്ക്ക് എന്ന പേരില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ മധ്യസ്ഥന്‍ അറസ്റ്റില്‍



ആലത്തൂര്‍: മോചനദ്രവ്യം ആവശ്യപ്പെട്ട് സ്വാമിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ മധ്യസ്ഥന്‍ അറസ്റ്റില്‍.കരൂര്‍ ദാരാപുരം നഞ്ചത്തളിയൂര്‍ കന്തസ്വാമി പാളയം ശക്തിവേല്‍ ( കട്ടപ്പശക്തിവേല്‍) (47) നെയാണ് ആലത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തത് .2016 ഫെബ്രുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.ആലത്തൂര്‍ കാവശ്ശേരി കഴനി കാളമ്പത്ത്  വലിയ വീട്ടില്‍ മാങ്ങോട് ഭദ്രകാളി ക്ഷേത്രം ട്രസ്റ്റി മാണിക്കസ്വാമി എന്ന ഷണ്‍മുഖന്‍ (61) നെയാണ് പൂജ നടത്തുന്നതിനായി തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത്. സ്വാമിയും സഹപ്രവര്‍ത്തകരായ ശ്രീനിവാസന്‍ ,സുനില്‍, സന്ദീപ്, കൃഷ്ണന്‍, ഡ്രൈവര്‍ വിനോദ് എന്നിവര്‍ ചേര്‍ന്ന് പഴണിയിലെത്തുകയും ചെയ്തു.ഇവിടെ വച്ച് സ്വാമിയെ ബന്ധിയാക്കി ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.പിന്നീട് നടന്ന വിലപേശലിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപയിലെത്തുകയായിരുന്നു. മോചനദ്രവ്യം വാങ്ങിക്കൊടുക്കാമെന്നേറ്റതും സ്ഥലവും ആളുകളെയും ഒരുക്കിയതും പിടിയിലായ ശക്തിവേല്‍ ആയിരുന്നു. ഭാര്യയ്ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ പിന്തുടര്‍ന്ന് പോലിസ് നടത്തിയ നീക്കത്തില്‍ സ്വാമിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയും ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണിയാള്‍.ഒന്നാം പ്രതി ശാന്തകുമാര്‍ 2016 സെപ്റ്റംബറില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് അവസാനിക്കുമായിരുന്ന കേസന്വേഷണം വളരെ പരിശ്രമിച്ചാണ് പോലിസ് പിന്തുടര്‍ന്ന് തുടര്‍ച്ച കണ്ടെത്തിയത്. അന്വേഷണത്തിനൊടുവില്‍ കരൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. അമൂല്യ നിധി കാണിച്ച് തട്ടിപ്പ് നടത്തല്‍, ഇരുതലമൂരി ,നക്ഷത്ര ആമ, റൈസ് പുള്ളിങ്, ഇറീഡിയം തുടങ്ങി പല തട്ടിപ്പുകളും ഇയാള്‍ ചെയ്യുന്നുണ്ടെന്നും രണ്ട് കേസുകള്‍ നിലവിലുള്ളതായും പോലിസ് പറഞ്ഞു.സിഐകെഎ എലിസബത്തിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐഎസ് അനീഷ്, എസ്‌സിപിഒകെ വി രാമസ്വാമി, സിപിഒ മാരായ കൃഷ്ണദാസ്, പ്രദീപ് കുമാര്‍, സൂരജ് ബാബു, അരുണാഞ്ജലി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it