ernakulam local

പുസ്തകോല്‍സവ വേദിയിലെ ഭക്ഷ്യമേളയിലും വന്‍തിരക്ക്

കൊച്ചി: കൃതി പുസ്തകോത്സവ വേദിയായ മറൈന്‍ ഡ്രൈവില്‍ രുചിയുടെ ഉത്സവത്തിനും വന്‍ തിരക്ക്. രാമശേരി ഇഡലി, ഷാപ്പുകറി, തലശേരി പലഹാരങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് രുചി ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. രാമശേരി ഇഡലിയാണ് ഭക്ഷ്യമേളയിലെ താരം. 200ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഞ്ചീപുരത്തുനിന്നും പാലക്കാട്ടെ രാമശേരിയിലേക്കു വന്ന മുതലിയാര്‍ സമുദായക്കാര്‍ കൊണ്ടു വന്നതാണ് രാമശേരി ഇഡലി. ഇവരിലെ പ്രധാന കണ്ണിയായ ചിറ്റൂരിയമ്മയുടെ മൂന്നാം തലമുറയില്‍പ്പെട്ട ഭാഗ്യലക്ഷ്മിയമ്മയുടെ മകള്‍ സ്മിതയാണ് കൃതി ഭക്ഷ്യമേളയിലുള്ളത്.
ദോശയോട് സാമ്യമുള്ള ഈ ഇഡലിയുടെ കൂട്ട് ഇവര്‍ രഹസ്യമാക്കിവെയ്ക്കുന്നു. മണ്‍കലത്തിന്റെ വായില്‍ ഓടുകൊണ്ടുണ്ടാക്കിയ വളയത്തില്‍ തുണി കെട്ടി അതിന്മേലൊഴിച്ചാണ് രാമശ്ശേരി ഇഡലി പാചകം ചെയ്യുന്നത്. മാവൊഴിച്ച ശേഷം മണ്‍കലം സ്റ്റീല്‍പ്പാത്രം വെച്ച് മൂടുന്നു. ഒരു സമയം മൂന്ന് ഇഡലി മാത്രമേ ചുടാനാകൂ. തേങ്ങാച്ചമ്മന്തി, മുളകു ചമ്മന്തി, സവിശേഷമായ ചമ്മന്തിപ്പൊടി എന്നിവ ചേര്‍ത്താണ് ഇത് ആസ്വദിക്കേണ്ടത്.
മുല്ലപ്പന്തല്‍, പടിപ്പുര, താഴ്‌വാരം, ചിറയ്ക്കല്‍ ഷാപ്പുകറികളിലൂടെ പ്രസിദ്ധമായ ആരിശേരിക്കാരുടെ കൊതിയൂറുന്ന ഷാപ്പ് വിഭവങ്ങളുടെ കൂട്ടത്തില്‍ പുട്ട്, കപ്പ തുടങ്ങിയവയ്‌ക്കൊപ്പം താറാവ്, പന്നി, കരിമീന്‍, ഞണ്ട്, ചെമ്മീന്‍, കക്ക വിഭവങ്ങളുടെ നീണ്ടനിരയുണ്ട്. പാലക്കാട് നിന്നുള്ള പീപ്പ്ള്‍ സര്‍വീസ് സൊസൈറ്റിയുടെ ജാക്‌സോ 100 ബ്രാന്‍ഡിലുള്ള ചക്ക വിഭവങ്ങളാണ് മറ്റൊരു ആകര്‍ഷണം. ബിരിയാണി അരിക്കു പകരം ഉപയോഗിക്കാവുന്ന അരിവലിപ്പത്തിലുള്ള ചക്കത്തരി മുതല്‍ പുട്ടിനുള്ള ചക്കപ്പൊടി, ചില്ലിച്ചിക്കനോട് മത്സരിക്കാന്‍ എത്തിയിരിക്കുന്ന ചില്ലിച്ചക്ക വരെ ഇവിടെയുണ്ട്.
ചക്ക കിട്ടാത്ത സീസണില്‍ ഉപയോഗിക്കാനുള്ള ചക്ക ഉണക്കിയതും ചക്കപ്പുഴുക്ക് ലൈവും ചക്ക ഹലുവയും ചക്ക കട്‌ലറ്റും ചക്കപ്രഥമനും പുഡ്ഡിംഗും ഉണ്ണിയപ്പവും ഒപ്പം ചക്കച്ചപ്പാത്തിയും കൂടി ചേര്‍ന്നാലേ ഈ പട്ടിക പൂര്‍ത്തിയാകൂ. പാലക്കാട് നിന്നുള്ള കോക്കനട്ട് പ്രൊഡ്യൂസിംഗ് കമ്പനിയുടെ നീര/കേരോല്‍പ്പന്നങ്ങളില്‍ നീര, തെങ്ങിന്‍ പാനി, കോക്കനട്ട് ഷുഗര്‍, വിനാഗരി, ചോക്കലേറ്റ് പൊടി, അച്ചാര്‍, മട്ട അരിയുടെ ഔലോസ് പൊടി, മരച്ചക്കിലാട്ടിയ വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ എന്നിവയും കതൃക്കടവിലുള്ള സബീനാ സ്റ്റാന്‍ലിയുടെ കുടുംബശ്രീ അടുക്കള അവതരിപ്പിക്കുന്ന ഉച്ചയൂണ് വിഭവങ്ങളില്‍ സവാളയും പൊടികളും ഉപയോഗിക്കാതെ പകരം ചെറിയ ഉള്ളിയും മുളകുമെല്ലാം നേരിട്ട് വറുത്തും അരച്ചും ഉണ്ടാക്കുന്ന നാടന്‍ വിഭവങ്ങളാണുള്ളത്.
ഉണക്കമീന്‍ ചമ്മന്തി, കുടപ്പന്‍ തോരന്‍ തുടങ്ങിയ അപൂര്‍വ വിഭവങ്ങളും ഇവിടെയുണ്ട്. മലബാര്‍ വിഭവങ്ങളുടെ സ്റ്റാളില്‍ തലശ്ശേരി പലഹാരങ്ങളായ ഉന്നക്കായ, പഴം നിറച്ചത്, കായ്‌പ്പോള, ചട്ടിപ്പത്തിരി, കാട്ടിറോള്‍, ഇറച്ചിപ്പത്തിരി, മുട്ട നിറച്ചത്, തലശ്ശേരി ബിരിയാണി എന്നിവയ്ക്കാണ് ഡിമാന്‍ഡേറെ.
Next Story

RELATED STORIES

Share it