palakkad local

പുലിക്കൂട്ടം ഇറങ്ങി: ആടുകളെയും വളര്‍ത്തുനായ്ക്കളെയും കൊന്നു

മംഗലംഡാം: വിആര്‍ടിയില്‍ പുലികൂട്ടം ഇറങ്ങി ആടുകളേയും വളര്‍ത്തുനായ്ക്കളെയും കൊന്നു. അടി പറമ്പില്‍ ബെന്നി, മുറ്റത്താനി ജോസ്‌കുട്ടി എന്നിവരുടെ വളര്‍ത്തുമൃഗങ്ങളെയാണു കൊന്നത്. ജോസ്‌കുട്ടിയുടെ ആടുകളെ, കൂട് പൊളിച്ചാണ് പുലി അകത്ത് കടന്ന് കൊന്നത്. ബഹളം കൂട്ടിയപ്പോള്‍ ആടുകളെ ഉപേക്ഷിച്ച് അടുത്ത വീട്ടിലെ ബെന്നിയുടെ വളര്‍ത്തുനായയെ കൊണ്ടു പോയി. ഗുരുതരമായി മുറിവേറ്റ ബെന്നിയുടെ ആടിന് ചികിത്സ നല്‍കി. കുട്ടികളും വലുതുമായുള്ള പുലി കൂട്ടമാണ് ആക്രമണം നടത്തിയത്. ഇതിനു മുമ്പും പല തവണ ഇവിടെ പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നിട്ടുണ്ട്.
പുലിയെ പേടിച്ച് പല കര്‍ഷകരും ആടുകളേയും പശുക്കളേയും വളര്‍ത്തുന്നത്  ഉപേക്ഷിക്കുകയാണ്. വഴി നടക്കാനാവാത്ത വിധം ഏത് സമയവും പുലിയുടെ ആക്രമണം ഉണ്ടാകാമെന്ന ഭീതിയിലാണ് മലയോരവാസികള്‍. രണ്ട് വര്‍ഷം മുമ്പു് വി.ആര്‍.ടി യില്‍ പുലി കിണറ്റില്‍ വീണ സംഭവമുണ്ടായിരുന്നു.  കൂട് വെച്ച് പലയിടത്തു നിന്നും പിടികൂടുന്ന പുലികളെ നെല്ലിയാമ്പതി കാട്ടില്‍ വിട്ട് അവ മല വഴി നാട്ടിലെത്തുകയാണെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം പോത്തുചാടിയില്‍ പുലി, വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന വണ്ടാഴി, അയിലൂര്‍, കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളിലെല്ലാം പുലി, ആന തുടങ്ങിയ കാട്ടുമൃഗ ഭീഷണിയുണ്ട്.  കാട്ടുമൃഗ ഭീഷണി രൂക്ഷമായി ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുമ്പോള്‍ വനം വകുപ്പ് അധികൃതര്‍ കാട്ടുമൃഗശല്യം തടയാന്‍ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാന്ന് ആക്ഷേപം.
Next Story

RELATED STORIES

Share it