Kottayam Local

പുറമ്പോക്ക് ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് വിവാദത്തിലേക്ക്

കുമരകം: കുമരകത്തു നിര്‍മാണം നടക്കുന്ന സ്വകാര്യ റിസോര്‍ട്ടിന്റെ പ്രവേശന കവാടം കരിങ്കല്‍ പാളികള്‍ പാകി മോടി പിടിപ്പിച്ചത് വിവാദമായി. റിസോര്‍ട്ട് ഉടമ നിര്‍മാണം നടത്തിയത് പൊതുമരാമത്ത് പുറമ്പോക്ക് വസ്തുവിലാണന്ന ആരോപണം ഉയര്‍ന്നതാണ് വിവാദത്തിനിടയാക്കിയത്. ഇതേ സ്ഥലത്ത് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചുറ്റുമതില്‍ നിര്‍മാണം റവന്യൂ അധികൃതര്‍ പൊളിപ്പിച്ച് നീക്കിയിരുന്നു.
ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം നിര്‍മാണം തുടങ്ങിയതോടെ നിരവധി പരാതികള്‍ റവന്യു അധികൃതര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുറമ്പോക്കിലാണോ നിര്‍മാണം നടക്കുന്നതെന്ന് പരിശോധന നടത്തി. സ്ഥലം അളക്കാന്‍ തുടങ്ങിയതോടെ റിസോര്‍ട്ട് അധികൃതര്‍ എത്തി പൊതുമരാമത്ത് എന്‍ജിനീയറുടെ അനുമതിയോടെയാണു നിര്‍മാണം നടത്തുന്നതെന്ന് അറിയിച്ചു. വസ്തു അളന്നതോടെ നിര്‍മാണം നടത്തിയ സ്ഥലത്ത് റോഡ് പുറമ്പോക്കും കൂടി ഉള്‍പ്പെട്ടിട്ടുണ്ടന്നു കണ്ടെത്തി.
ഈ റിസോര്‍ട്ട് വേമ്പനാട്ടു കായലിലും കൈയേറ്റം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ അളന്ന് ബോധ്യപ്പെട്ട് കൈയേറ്റം ഒഴിയണമെന്നു നോട്ടീസ് നല്‍കുകയും കോടതിയില്‍ കേസും നടന്നു വരികയുമാണ്. ഇതേ റിസോര്‍ട്ടിന്റെ കൈയേറ്റങ്ങള്‍ക്ക് എതിരേ വിവിധ സംഘടനകള്‍ നിരവധി സമരങ്ങളും നടത്തിയിരുന്നു. ഇപ്പോള്‍ കരിങ്കല്‍ പാളികള്‍ പാകിയതിനടിയില്‍ കൂടിയാണ് കുമരകത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള ജല വിതരണ പൈപ്പുകള്‍ കടന്നു പോവുന്നതും. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കു തടസ്സമാവുമെന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാരും പറഞ്ഞു.
കോട്ടയം-കുമരകം റോഡരികില്‍ മുന്‍ പഞ്ചായത്തു പ്രസിഡന്റ് എ ജി ഉഷാകുമാരി ഉപജീവനത്തിനായി നടത്തിയ തട്ടുകട പൊളിച്ചുനീക്കിയ പൊതുമരാമത്ത് വകുപ്പാണ് വന്‍കിട റിസോര്‍ട്ടിനു സര്‍ക്കാര്‍ വക സ്ഥലത്ത് നിര്‍മാണത്തിന് അനുമതി നല്‍കിയത്. കോട്ടയം എല്‍ആര്‍ തഹസില്‍ദാര്‍ ഗീതാകുമാരി, കുമരകം വില്ലേജ് ഓഫിസര്‍ തോമസുകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് പരിശോധനക്ക് എത്തിയത്.
Next Story

RELATED STORIES

Share it