kannur local

പുറത്തീല്‍ പള്ളി കമ്മിറ്റി തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയ ഉത്തരവ് തള്ളി വാരം

(കണ്ണൂര്‍): പുറത്തീല്‍ മിര്‍ഖാത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയ വഖ്ഫ് ബോര്‍ഡ് ഉത്തരവ് വഖ്ഫ് ട്രൈബ്യൂണല്‍ തള്ളി. പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറിയും മുസ്്‌ലിം ലീഗ് നേതാവുമായ കെ പി താഹിര്‍, എം കെ മുഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയില്‍ നേരത്തെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തി സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ടി കെ അഹമ്മദ്കുട്ടി ഹാജി, എം മുസമ്മില്‍ എന്നിവര്‍ അഡ്വ. ബി വി എം റാഫി മുഖേന നല്‍കിയ പരാതിയിലാണ് വഖ്ഫ് ട്രൈബ്യൂണല്‍ വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് ചെലവുസഹിതം തള്ളിയത്. മാത്രമല്ല, എം കെ മുഹമ്മദും കെ പി താഹിറും കമ്മിറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും വഖ്ഫ് ട്രൈബ്യൂണല്‍ പി ജെ വിന്‍സെന്റ് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയ വഖ്ഫ് ബോര്‍ഡ് ഉത്തരവിനെ ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചു. 2004 മുതല്‍ 2015 വരെ പള്ളിക്കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി താഹിറും മറ്റുള്ളവരും 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ കമ്മിറ്റി വഖ്ഫ് ബോര്‍ഡിനെ സമീപിക്കുകയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇപ്പോള്‍ ജില്ലാ സെക്രട്ടറിയുമായ താഹിറിനെ ചക്കരക്കല്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. താഹിര്‍ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചിരുന്നെങ്കിലും റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. താഹിറിനെ സംരക്ഷിക്കുന്ന ചില നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന വി പി മൂസാന്‍കുട്ടി നടുവില്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഈയിടെ നടന്ന മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ താഹിറിനെ സെക്രട്ടറിയാക്കിയതിനെതിരേ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയുണ്ടായി.
Next Story

RELATED STORIES

Share it