kasaragod local

പുറത്താക്കിയ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാനെത്തിയത് തടഞ്ഞു

നീലേശ്വരം: റാഗിങിനെ തുടര്‍ന്ന് പുറത്താക്കിയ 20 വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാനെത്തിയത് രക്ഷിതാക്കളും പോലിസും തടഞ്ഞതിന് സ്‌കൂളില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. കോട്ടപ്പുറം സിഎച്ച് മുഹമ്മദ് കോയ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങിന് വിധേയരാക്കിയ 20 വിദ്യാര്‍ഥികളെയാണ് അടിയന്തര പിടിഎ കമ്മിറ്റി യോഗം പുറത്താക്കിയത്.
നേരത്തെ ഇവരെ സ്റ്റാഫ് കമ്മിറ്റി യോഗം ചേര്‍ന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസ് അടച്ചിടുകയും ചെയ്തിരുന്നു. പിന്നീട് ചേര്‍ന്ന പിടിഎ യോഗമാണ് ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. റാഗിങിനെ തുടര്‍ന്നുണ്ടായ അകമ്രത്തില്‍ ജൂനിയര്‍ വിദ്യാര്‍ഥികളായ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. റാഗിങ് തടയാന്‍ ചെന്ന അധ്യാപകര്‍ക്കും മര്‍ദനമേറ്റിരുന്നു. ഇതാണ് വിദ്യാര്‍ഥികളെ പുറത്താക്കുന്നതിലേക്കെത്തിയത്. ആദ്യം എട്ട് വിദ്യാര്‍ഥികളെയും പിന്നീട് 12 വിദ്യാര്‍ഥികളെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ ക്ലാസ് വീണ്ടും ആരംഭിച്ചപ്പോഴാണ് പുറത്താക്കിയവരും ക്ലാസില്‍ കയറാനെത്തിയത്. രക്ഷിതാക്കളും പോലിസും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും കര്‍ശന നടപടിയുണ്ടാകുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയതോടെ ഇവര്‍ തിരിച്ചു പോവുകയായിരുന്നു.
കുറച്ച് ദിവസം പോലിസും രക്ഷിതാക്കളും സ്‌കൂളില്‍ കാവലുണ്ടാകും. പുറത്താക്കിയവര്‍ക്ക് സ്‌കൂളില്‍ തന്നെ പരീക്ഷയെഴുതുന്നതിനും ടിസി അനുവദിക്കുന്നതിനും സൗകര്യം പിടിഎ യോഗത്തില്‍ സ്വീകരിച്ചിട്ടുണ്ട്.
തുടര്‍ച്ചയായുണ്ടായ റാഗിങ് മറ്റ് കുട്ടികളുടെ പഠനത്തെ തന്നെ ബാധിച്ചതോടെയാണ് കടുത്ത നടപടി പിടിഎ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. നീലേശ്വരം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഈ സ്‌കൂളില്‍ റാഗിങ് പതിവായതിനെ തുടര്‍ന്ന് പല കുട്ടികളും പഠനം നിര്‍ത്തിയത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് 23ന് നടന്ന പിടിഎ യോഗത്തില്‍ നഗരസഭാ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് 20 കുട്ടികളുടേയും സസ്‌പെന്‍ഷന്‍ തുടരാന്‍ തീരുമാനമെടുത്തത്.
പിടഎ കമ്മിറ്റിയുടെ അനാസ്ഥയാണ് റാഗിങ് വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പോലിസിന്റെ കൃത്യമായ ഇടപെടലില്ലാത്തത് സ്‌കൂളിലെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമത്തിന് സഹായകമാകുന്നുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു. നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലിസ് സ്‌കൂളില്‍ എത്തിയത്.
Next Story

RELATED STORIES

Share it