kannur local

പുരാവസ്തു രേഖാ ശേഖരണം തുടങ്ങി1935ലെ ഖുര്‍ആന്‍ പരിഭാഷ മുതല്‍ രാജ്യസമാചാര്‍ പത്രിക വരെ

തലശ്ശേരി: പുരാവസ്തു വകുപ്പ് സാക്ഷരതാ മിഷന്റെ സഹകരണത്തോടെ പുരാരേഖ ശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ തലശ്ശേരിയില്‍ 1851ല്‍ പുറത്തിറങ്ങിയ രാജ്യസമാചാര്‍ പത്രിക, നൂറ്റാണ്ട് പഴക്കമുള്ള, മലയാള ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ഖുര്‍ആന്‍ എന്നിവ കണ്ടെത്തി. 1935ല്‍ കോഴിക്കോട് മുസ്്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയാണ് ഖുര്‍ആന്‍ പ്രസിദ്ധീകരിച്ചത്. തിരൂരിലെ ജമാരിയ പ്രസ്സിലായിരുന്നു ബൈന്‍ഡിങ്. വിവിധ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ശേഖരിച്ച ശേഖരത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പെയിന്റിങ് ചിത്രത്തില്‍ നെഹ്‌റു കൈയൊപ്പിടുന്ന ഫോട്ടോയും, ശ്രീലങ്കയിലെ അയലന്റ് ദ്വീപില്‍നിന്ന് 40 വര്‍ഷം മുമ്പ് ശേഖരിച്ച വോളിബോള്‍ വലുപ്പത്തിലുള്ള തേങ്ങയും, വിവിധ തരം ഫോണുകള്‍, കോളാമ്പികള്‍ തുടങ്ങിയവയും കണ്ടെത്തി. 1962ല്‍ നെഹ്‌റുവിന്റെ ഛായാചിത്രം വരച്ചത് കൊളശ്ശേരിയിലെ പ്രമുഖ പ്രഭാഷകനും ബുദ്ധിജീവിയുമായ കരയത്തില്‍ നാരായണന്റെ ജ്യേഷ്ഠന്‍ കൃഷ്ണനാണ്. അദ്ദേഹത്തിന്റെ മകന്റെ മകള്‍ പ്രിയങ്കയാണ് ശേഖരണം തലശ്ശേരിയിലെ ജിഎസ് ഫ്രാന്‍സിസിന്റെ വീട്ടിലെ ശേഖരത്തിലെത്തിച്ചത്. മറ്റു നിരവധി പുരാവസ്തുക്കളും ഇവിടെയുണ്ട്. ഗുണ്ടര്‍ട്ട് ബംഗ്ലാവിന്റെ ജലഛായ ചിത്രവും മറ്റു മഹാരഥന്‍മാരുടെ ഫോട്ടോകളും ശേഖരത്തിലുണ്ട്. പുരാവസ്തു രേഖാ ശേഖരണത്തിന്റെ തലശ്ശേരി ബ്ലോക്ക്തല ഉദ്ഘാടനം എ എന്‍ ഷംസീര്‍ എംഎല്‍എ നിര്‍വഹിച്ചു. ഫാദര്‍ ഡോ. ജി എസ് ഫ്രാന്‍സിസ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുര്‍ആന്‍ പരിഭാഷ എംഎല്‍എയ്ക്ക് കൈമാറി. പ്രദീപ് പുതുക്കുടി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു.
Next Story

RELATED STORIES

Share it