Flash News

പുരപ്പുറ സൗരോര്‍ജ പദ്ധതിയുമായി കെഎസ്ഇബി

എസ്  ഷാജഹാന്‍

തിരുവനന്തപുരം: 500 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ട് കെഎസ്ഇബി ലിമിറ്റഡിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതി. പുനരുപയോഗ ഊര്‍ജസ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് പദ്ധതി. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ കെഎസ്ഇബി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സൗരപദ്ധതികളില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന് കെഎസ്ഇബി പറയുന്നു. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് 2021-22ഓടെ ഉല്‍പാദിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
ഗാര്‍ഹിക-കാര്‍ഷിക ഉപഭോക്താക്കള്‍ 150 മെഗാവാട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് 100 മെഗാവാട്ട്, ഗാര്‍ഹികേതര, സര്‍ക്കാരിതര കെട്ടിടങ്ങളില്‍ നിന്ന് 250 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതിയുടെ ഉല്‍പാദനമാണ് പുരപ്പുറ സൗരോര്‍ജ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍, പ്രാഥമിക സര്‍വേ നടപടികള്‍ ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ നടക്കും. സൗരനിലയങ്ങളുടെ സ്ഥാപനത്തിന് 2019 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
രണ്ടു രീതിയിലാണ് പുരപ്പുറ സൗരോര്‍ജ പദ്ധതി നടപ്പാക്കുക. ഒന്നാമത്തെ മാതൃകപ്രകാരം ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെഎസ്ഇബി ചെലവില്‍ സൗരനിലയം സ്ഥാപിക്കും. തുടര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സൗജന്യമായി കെട്ടിട ഉടമയ്ക്കു നല്‍കും. അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി 25 വര്‍ഷം  നിശ്ചിത നിരക്കില്‍ കെട്ടിട ഉടമയ്ക്ക് നല്‍കും.
രണ്ടാം മാതൃകപ്രകാരം, കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചെലവില്‍ കെഎസ്ഇബി ലിമിറ്റഡ് സൗരനിലയം സ്ഥാപിക്കും. തുടര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെഎസ്ഇബി ലിമിറ്റഡ് വാങ്ങും. അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും സംരംഭകന്‍ ഉപയോഗിക്കും. നിലയങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണികളും കരാര്‍പ്രകാരം കെഎസ്ഇബി ലിമിറ്റഡ് നിര്‍വഹിക്കും.
നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള 24 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പൂര്‍ത്തീകരണവും ഇതിനോടൊപ്പം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it