പുതുവൈപ്പ്: എല്‍പിജി പ്ലാന്റിന് എതിരേ സമരം ശക്തമാക്കുന്നു

കൊച്ചി: ഐഒസിയുടെ നിര്‍ദിഷ്ട എല്‍പിജി സംഭരണ കേന്ദ്രം പുതുവൈപ്പില്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി പ്രതിഷേധം ശക്തമാക്കുന്നു. സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് നടത്തിയ അതിക്രമത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് പുതുവൈപ്പ് സമരപ്പന്തലില്‍ പ്രതിഷേധസംഗമം നടത്തും. നാളെ സെക്രട്ടേറിയേറ്റിനു മുമ്പില്‍ പുതുവൈപ്പിലെ അമ്മമാരുടെ പ്രതിഷേധധര്‍ണയുമുണ്ടാവുമെന്നും സമരസമിതി ചെയര്‍മാന്‍ എംബി ജയഘോഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയാണു പ്രതിഷേധസംഗമം. പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. സിജോ ജോര്‍ജ് കുരിശുമൂട്ടില്‍ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ, സാമൂഹി ക, സാമുദായിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. സെക്രട്ടേറിയറ്റിനു മുമ്പിലെ പ്രതിഷേധ ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. എം സൂസെപാക്യം, എംഎല്‍എമാര്‍, രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗങ്ങളിലെ പ്രമുഖര്‍ സംസാരിക്കും. പുതുവൈപ്പിലെ നിര്‍ദിഷ്ട എല്‍പിജി പ്ലാന്റിനെതിരേ 2009 ലാണു സമരസമിതി പ്രതിഷേധം ആരംഭിച്ചത്. 2017 ഫെബ്രുവരി മുതല്‍ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. കഴിഞ്ഞവര്‍ഷം ജൂണ്‍ 14, 16, 18 തിയ്യതികളില്‍ സമരക്കാര്‍ക്കെതിരേ പോലിസ് നടത്തിയ ലാത്തി ച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്കാണു പരിക്കേറ്റത്. സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കു നിവേദനം നല്‍കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. സമിതി കണ്‍വീനര്‍ കെ എസ് മുരളി, സമരസഹായ സമിതി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സിജി ബിജു, ബിജു കണ്ണങ്ങനാട്ട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it