പുതിയ സംവിധാനത്തിനെതിരേ റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിനെതിരേ റേഷന്‍ വ്യാപാരികള്‍. പോര്‍ട്ടബിലിറ്റി സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കരുതെന്ന് വിവിധ റേഷന്‍ സംഘടനകളും ആവശ്യപ്പെട്ടു. കാര്‍ഡുടമയ്ക്ക് തനിക്ക് സൗകര്യപ്രദമായ കടയില്‍ നിന്ന് റേഷന്‍ വിഹിതം വാങ്ങാന്‍ കഴിയുന്നതാണ് റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം.
സര്‍ക്കാരിന്റെ അഭിമാനനേട്ടമായി പ്രഖ്യാപിക്കപ്പെട്ട പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാക്കി കഴിഞ്ഞ ദിവസം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉത്തരവിട്ടിരുന്നു. പോര്‍ട്ടബിലിറ്റി സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കാനായി ഒന്നരമാസത്തെ അരി കൂടുതല്‍ എടുത്ത് സര്‍ക്കാരിനെ സഹായിക്കേണ്ടതില്ല. അടുത്ത പ്രാവശ്യം മുതല്‍ വിതരണത്തിന് ആവശ്യമുള്ള അരി മാത്രം എടുത്താല്‍ മതിയെന്നും സംഘടനാനേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നു.
സംഘടനയുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ആരോപിക്കുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 അനുസരിച്ച് ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് ഏത് കാര്‍ഡുടമയ്ക്കും ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങുന്നതിന് അനുമതിയുണ്ട്. സാധാരണക്കാരന് ആശ്വാസമേകുന്നതാണ് പുതിയ സംവിധാനം. താമസം മാറുന്നതിനനുസരിച്ച് റേഷന്‍ കാര്‍ഡ് മാറുന്ന രീതിക്ക് അവസാനമാവും. ഒരു റേഷന്‍കട തുറന്നിട്ടില്ലെങ്കില്‍ അടുത്ത കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാം. മോശം സേവനം നല്‍കുന്ന റേഷന്‍ കടയെ ഉപഭോക്താക്കള്‍ക്ക് ബഹിഷ്‌കരിക്കുകയും ചെയ്യാം. റേഷന്‍ കടക്കാര്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരം വരുന്നതോടെ സേവനം കൂടുതല്‍ മെച്ചപ്പെടും.
തിരക്കേറിയ ഷോപ്പ് ഒഴിവാക്കി തിരക്കു കുറഞ്ഞ കടകള്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്കു കഴിയും. പുതിയ ഉത്തരവ് ഗ്രാമങ്ങളിലെ കടകളുടെ വില്‍പനയില്‍ വ്യാപകമായ കുറവു വരുന്ന സാഹചര്യമുണ്ടാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. റേഷന്‍ വ്യാപാരികള്‍ അധിക സ്റ്റോക്ക് എടുക്കാതെ വന്നാല്‍ ഏത് കടയില്‍ നിന്നും റേഷന്‍ വാങ്ങാമെന്ന സംവിധാനം തുടക്കത്തില്‍ തന്നെ പാളുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടറോട് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
Next Story

RELATED STORIES

Share it