ernakulam local

പുതിയ വാഹനങ്ങളുമായി ഷോറൂം ജീവനക്കാരുടെ മരണപ്പാച്ചില്‍

മരട്: താല്‍കാലിക രജിസ്‌ട്രേഷന്‍ കഴിഞ്ഞ പുതിയ വാഹനങ്ങളുമായി കാര്‍ ഷോറൂം ജീവനക്കാരുടെ മരണപ്പാച്ചില്‍ പതിവാകുന്നു. ഇതിനെതിരേ നടപടിയാവശ്യപ്പെട്ട് എറണാകുളം ആര്‍ടിഓയ്ക്ക് ഒരുമ കുമ്പളം റസിഡന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപമുള്ള വാഹന പരിശോധനയും ടോള്‍ വെട്ടിച്ച് കടക്കുന്നതിനും വേണ്ടിയാണ് ദേശീയ പാതയ്ക്ക് സമീപമുള്ള ഇടറോഡുകളിലൂടെയുള്ള മരണപ്പാച്ചില്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത കാര്‍ ഷോറൂം വാഹനങ്ങളുടെയും ഗുഡ്‌സ് വാഹനങ്ങളുടേയും അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം സമീപത്തുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും ഈ റോഡിലൂടെ യാത്ര ചെയ്യുന്നവരും ഒരുപോലെ ദുരിതത്തിലും ഭീതിയിലുമാണെന്നും പരാതിയില്‍ പറയുന്നു. ഒരുമ കുമ്പളം റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി വി കെ നസീറാണ് പരാതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 5ന് രാവിലെ 11ന്് കുമ്പളം മസ്ജിദ് റോഡിലൂടെ മരട് കണ്ണാടിക്കാട് ഷോറൂമിലെ വോക്‌സ് വാഗണ്‍ കാര്‍ കമ്പനി ടെസ്റ്റ് ഡ്രൈവ് പതിച്ച് അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ച് പോയി. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വേഗത കുറച്ച് പോകണമെന്നും പറഞ്ഞു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ വളരെ മോശമായ രീതിയിലാണ് പ്രതികരിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. അന്നേ ദിവസം എറണാകുളം ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് ഈ വാഹനത്തിന്റെ നമ്പറിനെ കുറിച്ച് പരിശോധിച്ചിരുന്നു. ഈ നമ്പറിന്റെ കാലാവധി 2017 ആഗസ്ത് 11 ന് അവസാനിച്ചതായി എറണാകളം ആര്‍ടി ഓഫിസില്‍ നിന്നും വിവരം ലഭിച്ചു. അതിനാല്‍ വ്യാജ നമ്പര്‍ ഉപയോഗിച്ചു വാഹനം ഓടിച്ചതിന് നിയമപരമായ നടപടി കൈകൊള്ളണമെന്ന് നസീര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റോഡിന് സമീപത്ത് ഒരു എല്‍പി സ്‌കൂളും മദ്‌റസയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
Next Story

RELATED STORIES

Share it