പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും; കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ രഹസ്യമായി പുതിയ മൂന്നു ബിയര്‍ ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇപ്പോള്‍ നടക്കുന്നത് സാലറി ചലഞ്ചല്ല, ബ്രൂവറി ചലഞ്ചാണ്. രണ്ടു ഡിസ്റ്റിലറികളുടെ ശേഷി വര്‍ധിപ്പിച്ചതിലും അഴിമതിയുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം, പുതുതായി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത് സിപിഐയും പാര്‍ട്ടി മന്ത്രിമാരും അറിഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എല്‍ഡിഎഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ല. കാനം രാജേന്ദ്രന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. നേരത്തേ തന്നെയുള്ള അപേക്ഷകളില്‍ എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശപ്രകാരം തത്ത്വത്തിലുള്ള അംഗീകാരമാണ് നല്‍കിയത്. ലൈസന്‍സ് അനുവദിച്ചിട്ടില്ല. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിലോ ഇടതുമുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ പറയാതെ അതീവ രഹസ്യമായാണ് ഇവ ഇഷ്ടക്കാര്‍ക്ക് അനുവദിച്ചതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Next Story

RELATED STORIES

Share it