kozhikode local

പുതിയ നാഷനല്‍ ഹൈവേയ്ക്കു വേണ്ടി സംയുക്ത കര്‍മസമിതി പ്രക്ഷോഭത്തിലേക്ക്‌

പേരാമ്പ്ര: കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നു പോകുന്നതും കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളെ കൂട്ടി യോജിപ്പിക്കുന്നതും ചുരങ്ങളോഹെയര്‍ പിന്‍വളവുകളോ ഇല്ലാത്തതും വലിയ മലനിരകളോ നദികളോ ഇല്ലാത്തതുമായ ഒരു സുരക്ഷിത പാതയാണ് കോഴിക്കോട് പുഴിത്തോട് വയനാട് കുട്ട ഗോണികുപ്പ  ബാഗ്ലൂര്‍ റോഡ്. ഈ റോഡ് പുതിയ നാഷനല്‍ ഹൈവേ ആക്കണമെന്നാണ് കോഴിക്കോട് വയനാട് ജില്ലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കര്‍മ സമിതികള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍മസമിതികള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
താമരശ്ശേരി ബത്തേരി ചുരത്തില്‍ രാത്രിയാത്ര നിരോധിക്കുകയും ചുരം റോഡുകളില്‍ നിരന്തരം അപകടങ്ങളും യാത്രാ തടസ്സങ്ങളും നേരിടുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകളും ചരക്കുനീക്കങ്ങളും അസാധ്യമാകും. അതിനാല്‍ ഒരു ബദല്‍ പാത അനിവാര്യമാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് പുതിയ നാഷണല്‍ ഹൈവെ എന്ന ആവശ്യമുയര്‍ത്തുന്നത്. ഈ ആവശ്യത്തിനായി വര്‍ഷങ്ങളായി കോഴിക്കോട് , വയനാട് ജില്ലകളില്‍ കര്‍മസമിതികള്‍ പ്രവര്‍ത്തച്ചുവരുന്നു. ബദല്‍പാത രണ്ട് ജില്ലകളിലേയും വനാതിര്‍ത്തി വരെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പണി തീര്‍ത്തതാണ്. വനത്തിലൂടെ പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും ഹാനികരമല്ലാത്ത വിധം മെട്രോ മോഡലില്‍ തൂണില്‍ താങ്ങുന്ന റോഡ് പണിയാനാണ് കര്‍മസമിതി ആവശ്യപ്പെട്ടുന്നത്. ഇത് ടൂറിസം വികസനത്തിനും അനുയോജ്യമാണ് . ഈ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് സംയുക്ത കര്‍മസമിതി പ്രക്ഷോഭത്തിനിറങ്ങുന്നത്. ആദ്യ പടിയായി അടുത്ത മാസം രണ്ടാം വാരത്തില്‍ സംയുക്ത കര്‍മസമിതിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തും.
കാനന യാത്രയില്‍ കോഴിക്കോട് ജില്ലയിലെ കര്‍മസമിതി ചെയര്‍മാന്‍ കെ എം സുധാകരന്‍, വൈസ് ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, സെക്രട്ടറി ബാബു പുതുപറമ്പില്‍,  വയനാട് ജില്ലാ ചെയര്‍മാന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ പടിഞ്ഞാറത്തറ, വൈസ് ചെയര്‍മാന്‍ ലിന്‍ഡോ തോമസ്, സെക്രട്ടറി കമല്‍ ജോസഫ് എന്നിവരും ജനപ്രതിനിധികള്‍,നേതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടി ചേരും. പുഴിത്തോട്ടില്‍ എത്തുന്ന ജാഥയ്ക്ക് പൗരസ്വീകരണം നല്‍കും . അവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര ചക്കിട്ടപാറയില്‍ എത്തി നാട്ടുകാരുടെ സ്വീകരണത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ചങ്ങരോത്ത് ജങ്ഷനിലും പൊതു സ്വീകരണമുണ്ടാകും. ചങ്ങരോത്ത് നിന്ന് ജാഥ പേരാമ്പ്രയിലേക്ക് നീങ്ങും. പേരാമ്പ്രയില്‍ പൊതുസമ്മേളനം ചേരും . ഈ സമ്മേളനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ജനപ്രതിനിധികള്‍ സന്നദ്ധ സംഘടനാ നേതാക്കള്‍ മന്ത്രിമാര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സമര പ്രഖ്യാപനം നടത്തും.
കേരളമന്ത്രിസഭ ഈ റോഡിന്നു വേണ്ടി കേന്ദ്രത്തിലേക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും വരെ ബഹുജനങ്ങളെ അണിനിരത്തി നിരന്തര സമരം ചെയ്യാനാണ് സംയുക്ത കര്‍മ്മ സമിതിയുടെ തീരുമാനം.പേരാമ്പ്രയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കെ എം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബാബു പുതുപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ ചെറുക്കാട് പ്രമേയം അവതരിപ്പിച്ചു. മോഹനന്‍ മാസ്റ്റര്‍, കെ കെ രജീഷ്, രാജേഷ് തറമ്മല്‍, പി കെ ഷാജു കല്ലോട്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it