malappuram local

പുതിയ ഇനം ദേശാടനപ്പക്ഷിയെ കൂടി കണ്ടെത്തി

പൊന്നാനി: പുതിയൊരിനം ദേശാടനപ്പക്ഷിയെകൂടി കേരളത്തില്‍ കണ്ടെത്തി. പൊന്നാനി ബീച്ചിലാണ് ബ്ലാക്ക് നേപ്ഡ് ടേണ്‍ എന്ന പേരുള്ള കടല്‍ ആളയെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയത്. ഇതാദ്യമായാണ് ഈ ദേശാടകനെ കേരളത്തില്‍ കാണുന്നത്. പക്ഷിനിരീക്ഷകനും സിനിമാ സഹസംവിധായകനുമായ തൃശൂര്‍ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍ കെ അയ്യറാണു പുതിയ പക്ഷിയെ കണ്ടെത്തിയത്. ഇതോടെ കേരളത്തില്‍ 520 ഇനം ദേശാടനപ്പക്ഷികളെ ഇതിനകം കണ്ടെത്താന്‍ കഴിഞ്ഞു.
പൊന്നാനി ബീച്ചില്‍നിന്നും സാധാരണ പക്ഷി നീരീക്ഷണത്തിടയില്‍ കണ്ട കടല്‍ ആളയിനത്തില്‍പ്പെട്ട പക്ഷിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് പക്ഷി ബ്ലാക്ക് നേപ്ഡ് ടേണ്‍ എന്നയിനം ദേശാടകനാണെന്ന് സ്ഥിരീകരിച്ചത്. ഇതിനുമുമ്പ് ഈ പക്ഷിയെ കേരളത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ ഇതിന് മലയാളപേരും നല്‍കിയിട്ടില്ല. പസഫിക് തീരങ്ങളിലും ഇന്ത്യന്‍ തീരങ്ങളിലും കാണുന്ന ഈ കടല്‍ ആളയുടെ കാലുകള്‍ക്ക് കറുപ്പ് നിറമാണ്.
പതിനൊന്ന് വര്‍ഷം ശരാശരി ആയുസുള്ള ഈ ദേശാടകന്‍ വംശനാശഭീഷണിയുടെ വക്കിലാണ്. പസഫിക്, ഇന്ത്യന്‍ തീരങ്ങള്‍ക്കു പുറമെ ജപ്പാന്‍, ചൈന, മലീസ്യ, ഫിലിപ്പൈന്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളിലും ഈ പക്ഷിയെ കണ്ടെത്തിയിട്ടുണ്ട്. ചെറുമല്‍സ്യങ്ങളും തവളകളുമാണ് ഇവയുടെ ഭക്ഷണം. മാസങ്ങള്‍ക്കുമുമ്പ് പൊന്നാനി ബീച്ചില്‍വച്ച് മ്യൂഗള്‍ വിഭാഗത്തില്‍പ്പെട്ട പുതിയൊരിനം കടല്‍ കാക്കയെ പക്ഷിനിരീക്ഷകനായ അരുണ്‍ ഭാസ്‌കരന്‍ കണ്ടെത്തിയിരുന്നു. മുന്‍ കാലങ്ങളില്‍ വിവിധയിനം ദേശാടകരായ കടല്‍കാക്കകളുടെ ഇഷ്ടകേന്ദ്രമായിരുന്നു പൊന്നാനി തീരങ്ങള്‍.
Next Story

RELATED STORIES

Share it